ആശങ്ക തുടരുന്നു; കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണമെന്ന് സംശയം; സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണമെന്ന് സംശയം. പന്നിയങ്കരയിൽ കഴിഞ്ഞ ദിവസം മരിച്ച തൃശൂർ സ്വദേശിക്ക് ഒപ്പം ജോലി ചെയ്ത മറ്റൊരാൾ സമാന ലക്ഷണങ്ങളോടെ മരിച്ചു. കോട്ടയം സ്വദേശിയായ ശശിയാണ് മരിച്ചത്. പന്നിയങ്കരയിലെ ഹോട്ടൽ അടച്ചിടാൻ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നിർദേശം നൽകി.
പന്നിയങ്കരയിലെ ശ്രീ നാരായണ ഹോട്ടൽ അടച്ചിടാനാണ് കോർപ്പറേഷൻ നിർദേശം. വെള്ളിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ ചാവക്കാട് സ്വദേശിയായ 59 കാരൻ മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്.
അതേസമയം സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 13കാരനും ആർസിസിയിൽ ചികിത്സയിലുള്ള കൊല്ലം സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13കാരൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.




