Uncategorized

മുത്തങ്ങ വെടിവെപ്പിലും ശിവഗിരിയിലെ പൊലീസ് നടപടിയിലും പഴി എനിക്കു മാത്രം; എ.കെ ആന്റണി

തിരുവനന്തപുരം: മുത്തങ്ങ വെടിവയ്പ്പിലും ശിവഗിരിയിലെ പോലീസ് നടപടിയിലും തന്നെ മാത്രം പഴിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി. മുത്തങ്ങയിൽ ആദിവാസികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മൂന്നു തവണ കേരള സർക്കാരിന് കത്തയച്ചിരുന്നു. കയ്യേറ്റം അനുവദിക്കരുതെന്ന താക്കീതിനു ശേഷമാണ് അവിടെ നടപടിയുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതുപോലെ, 1995-ൽ ശിവഗിരിയിൽ പോലീസ് നടപടിയുണ്ടായത് ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണ്. സർക്കാർ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നില്ല അതെന്നും ആന്റണി പറഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആന്റണി സർക്കാരിന്റെ കാലത്തെ ശിവഗിരി സംഭവത്തെ വിമർശിച്ചതിന് മറുപടിയായാണ് അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്.
മുത്തങ്ങ സംഭവത്തിൽ തനിക്ക് അതിയായ ഖേദമുണ്ടെന്ന് എ.കെ. ആന്റണി പറഞ്ഞു. ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി അനുവദിച്ചത് തന്റെ ഭരണകാലത്താണെന്നും അദ്ദേഹം വ്യക്തമാക്കി. മുത്തങ്ങയിൽ ആദിവാസികൾ കുടിൽ കെട്ടിയപ്പോൾ അവരെ ഒഴിപ്പിക്കണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷക സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പോലീസ് നടപടിക്ക് ശേഷം പലരും നിലപാട് മാറ്റി.

സംഘർഷത്തിൽ ഒരു ആദിവാസിയും ഒരു പോലീസുകാരനും മരിച്ചെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സി.ബി.ഐയെ നിയോഗിച്ചെന്നും ആന്റണി പറഞ്ഞു. അന്നത്തെ കേന്ദ്ര സർക്കാർ വാജ്പേയിയുടെ നേതൃത്വത്തിലായിരുന്നു. സി.ബി.ഐ റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടെന്നും, അത് പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “സത്യം ജനങ്ങൾ അറിയട്ടെ,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വ്യക്തി തന്റെ പോലീസ് പഞ്ചസാരയും മണ്ണെണ്ണയും ചേർത്ത് ആദിവാസികളെ ചുട്ടുകരിച്ചുവെന്ന് ആരോപിച്ചതായും ആന്റണി പറഞ്ഞു.
മുത്തങ്ങയിൽ ആദിവാസികളെ ഒഴിപ്പിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മൂന്ന് തവണ കേരള സർക്കാരിന് കത്തയച്ചിരുന്നു. കയ്യേറ്റം അനുവദിക്കരുതെന്ന താക്കീത് ലഭിച്ചതിന് ശേഷമാണ് അവിടെ നടപടിയുണ്ടായത്. കഴിഞ്ഞ 21 വർഷമായി താൻ കേരള രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്നും, അതിനുശേഷം നിരവധി സർക്കാരുകൾ വന്നിട്ടും ആരും മുത്തങ്ങയിൽ ആദിവാസികളെ വീണ്ടും പാർപ്പിക്കാനോ ഭൂമി നൽകാനോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button