ആദ്യ ഘട്ടത്തിൽ 80 പാഠപുസ്തകങ്ങളിൽ മാറ്റം; ഹയർസെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കണ്ടറി പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നു മുതൽ പത്ത് വരെ ക്ലാസ്സുകളിലെ പാഠപുസ്തക പരിഷ്കരണത്തിന്റെ തുടർച്ചയും, ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം വരുത്തിയ മാറ്റങ്ങളും ഈ പരിഷ്കരണത്തിൽ ഗൗരവമായി പരിഗണിക്കും. ആദ്യഘട്ടത്തിൽ എസ്‌സിഇആർടി-യുടെ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുകയെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്ലസ് വൺ പ്രവേശനം നേടിയവരുടെ കണക്കും മലപ്പുറം ജില്ലയിലെ സ്ഥിതിയും മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
നിലവിൽ 2015-ൽ പരിഷ്കരിച്ച പാഠപുസ്തകങ്ങളാണ് വിദ്യാലയങ്ങളിൽ ഉപയോഗിച്ചു വരുന്നത്. കഴിഞ്ഞ 10 വർഷകാലയളവിനിടയിൽ വലിയ മാറ്റങ്ങളാണ് ലോകത്താകമാനം സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികൾ പരിഗണിച്ചു കൊണ്ടാകും പാഠപുസ്കങ്ങൾ പരിഷകരിക്കുക. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ ഈ അധ്യയന വർഷം പൂർത്തീകരിച്ച് അടുത്ത വർഷം കുട്ടികളുടെ കയ്യിൽ പുതിയ പുസ്തകങ്ങൾ എത്തിച്ചേരുന്ന നിലയിൽ പൂർത്തീകരിക്കും. പ്ലസ് വൺ പ്രവേശനം നേടിയവർ: മെറിറ്റ് – 49636. സ്പോർട്സ് ക്വാട്ട 1040. മോഡൽ റസിഡൻഷ്യൽ സ്കൂൾ- 38. കമ്മ്യൂണിറ്റി ക്വാട്ട- 3479. മാനേജ്മെന്റ്- 4628. അൺ എയിഡഡിൽ ചേർന്നവർ- 3298. ആകെ 62,119. അലോട്ട്മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ- 12358.




