കേരള സ്റ്റോറി എന്താണെന്ന് എല്ലാവർക്കും അറിയാം; ഡൽഹി മുഖ്യമന്ത്രി പരാമർശം പിൻവലിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സത്യം പറയാൻ ഭയക്കുന്ന കാലമാണെന്നും കേരള സ്റ്റോറി ധീരമായ തുറന്നു പറച്ചിലാണെന്നുമുള്ള ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡൽഹി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചിരിക്കുകയാണ്. കേരള സ്റ്റോറി എന്താണെന്ന് എല്ലാവർക്കും അറിയാം. പരാമർശം രേഖ ഗുപ്ത പിൻവലിക്കണം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ഈ നിലയിൽ അവർ പറഞ്ഞത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാൻഷു ത്രിവേദി എന്തൊക്കെയോ വിളിച്ച് പറഞ്ഞിരിക്കുന്നു. വളരെ തെറ്റായ പ്രചാരണമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഇന്ത്യക്ക് മതേതര രാജ്യമായി നിലനിൽക്കാനാകില്ലെന്നായിരുന്നു ബിജെപി എംപി സുധാൻഷു ത്രിവേദിയുടെ പരാമർശം. അശോക ചക്രം ഹിന്ദു ചിഹ്നമാണെന്ന് മറക്കരുതെന്നും സുധാൻഷു ത്രിവേദി പറഞ്ഞിരുന്നു. ‘മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി. ഇതിനെ പിന്തുണച്ചവരാണ് കേരളത്തിലെ കോൺഗ്രസുകാർ. മതേതരത്തിന്റെ പേരിൽ വിശ്വാസത്തിനും സംസ്‌കാരത്തിനും മേൽ കടന്നു കയറുകയാണ്’ എന്നായിരുന്നു സുധാൻഷു കഴിഞ്ഞ ദിവസം പറഞ്ഞത്.
കമ്യൂണിസ്റ്റുകാർ കേരളത്തിൽ അധികാരത്തിൽ എത്തിയതോടെയാണ് ഭാരതീയ സംസ്‌കാരത്തെ തച്ചുടയ്ക്കാൻ ശ്രമം തുടങ്ങിയതെന്നും സുധാൻഷു കൂട്ടിച്ചേർത്തിരുന്നു. കേരളത്തെ അപമാനിക്കുന്നതെന്ന് ആരോപണം ഉയർന്ന കേരള സ്റ്റോറിയുടെ ഡൽഹിയിൽ വെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയായിരുന്നു പരാമർശം. മതപരിവർത്തനം നടത്തി മലയാളി പെൺകുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കടത്തിയെന്നാരോപിച്ച് നിർമ്മിച്ച സിനിമയാണ് കേരള സ്റ്റോറി. സുദിപ്‌തോ സെന്നും അംബിക ജെകെയും ചേർന്ന് എഴുതിയ പുസ്തകമാണ് പ്രകാശനം ചെയ്തത്.




