Uncategorized

ആക്രമണം കടുപ്പിച്ച് ഇറാൻ: ഊർജ്ജ മേഖല പുതിയ ലക്ഷ്യം; ആയത്തൊള്ള ഖമേനി ‘പരിധിക്ക്’ പുറത്തല്ലെന്ന് ഇസ്രയേൽ

ടെൽഅവീവ്/തെഹ്റാൻ: പരസ്പരം ആക്രമണം തുടർന്ന് ഇറാനും ഇസ്രയേലും. ആക്രമണം തുടരുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കി. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ഡെപ്യൂട്ടി കമാൻഡർ ഖൊസ്രോ ഹസാനി കൊല്ലപ്പെട്ടു. ഇറാനിലെ എണ്ണ ശുദ്ധീകരണ ശാലകൾ ഉൾപ്പെടെയുള്ള ഊ‍ർജ്ജ മേഖലകളെയും ഇസ്രയേൽ ലക്ഷ്യം വെച്ചു. ഇറാൻ പ്രതിരോധ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോ‍ർ‌ട്ട് ചെയ്യുന്നുണ്ട്. ഇറാൻ്റെ 100ൽ അധികം ബാലിസ്റ്റിക് മിസൈലുകൾ നശിപ്പിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെടുന്നു. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ ഇതിനകം 80 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാൻ്റെ ആക്രമണത്തിൽ ഇസ്രയേലിൽ അഞ്ച് പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. യുദ്ധം മുറുകുന്ന പശ്ചാത്തലത്തിൽ ഒമാനിൽ നടക്കാനിരുന്ന ഇറാൻ-അമേരിക്ക ആണവ കരാർ‌ സംബന്ധിച്ച ചർച്ചകൾ റദ്ദാക്കി. ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനിടയിൽ ചർച്ച നി‍രർത്ഥകമാണെന്നാണ് ഇറാൻ്റെ നിലപാട്. ഇസ്രായേൽ പിന്മാറിയില്ലെങ്കിൽ ശക്തമായ തിരിച്ചടി തുടരുമെന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് അടച്ചിടാൻ ഇറാൻ്റെ നീക്കമെന്നും റിപ്പോ‍ർട്ടുമുണ്ട്.

ഇസ്രായേലിലെ യുദ്ധവിമാന -ഇന്ധന ഉൽപാദന സൗകര്യങ്ങളെയും ഊർജ്ജ വിതരണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണമെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽ ഏറ്റവും ഒടുവിൽ ഹൈഫയിൽ നടത്തിയ മിസൈൽ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ്റെ അവകാശവാദം. ഇസ്രയേലിലെ ഹൈഫ, ടെൽഅവീവ്, ജറുസലേം, തമ്ര എന്നിവിടങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇറാൻ ശക്തമാക്കിയിരിക്കുകയാണ്. ഇസ്രയേലിൻ്റെ ഊർജ്ജ മേഖലകൾക്ക് നേരെയും ഇറാൻ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഇസ്രയേലിൻ്റെ 10 യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി കഴിഞ്ഞ ദിവസം ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വടക്കൻ ഇസ്രയേലിൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുവെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വടക്കൻ ഇസ്രായേലിൽ ആക്രമണ മുന്നറിയിപ്പിൻ്റെ ഭാഗമായി സൈറണുകൾ മുഴങ്ങുന്നവെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിട്ടുണ്ട്. ശത്രു വിമാനങ്ങൾ നുഴഞ്ഞ് കയറിയതിനെ തുടർന്ന് വടക്കൻ ഇസ്രായേലിൽ സൈറണുകൾ മുഴങ്ങുന്നു എന്നാണ് ഇസ്രയേൽ സൈന്യം ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button