Uncategorized

അടിപിടി കേസില്‍ പിടികൂടാനെത്തി; പൊലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് പ്രതി; എസ്‌ഐയുടെ കാലും കടിച്ചുമുറിച്ചു

കൊല്ലം: കൊല്ലത്ത് അടിപിടി കേസില്‍ പിടികൂടാന്‍ എത്തിയ പൊലീസുകാരെ പട്ടിയെ വിട്ട് കടിപ്പിച്ച് പ്രതി. പടപ്പക്കര സ്വദേശി ജിജേഷ് ആണ് കുണ്ടറ എസ്‌ഐ സച്ചിനേയും ഒപ്പം ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥനേയും പട്ടിയെ വിട്ട് കടിപ്പിച്ചത്. എസ്‌ഐയുടെ കാലും പ്രതിയായ ജിജേഷ് കടിച്ച് മുറിച്ചു. സംഭവത്തിന് പിന്നാലെ ജിജേഷിനെ പൊലീസ് ബലം പ്രയോഗിച്ച് പിടികൂടി.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്. ജിജേഷ് മറ്റൊരാളെ മര്‍ദ്ദിച്ചതായി പൊലീസിന് വിവരം ലഭിച്ചു. ഇത് അന്വേഷിക്കാനായാണ് കുണ്ടറ എസ്‌ഐ സച്ചിനും മറ്റ് പൊലീസുകാരും സ്ഥലത്ത് എത്തുന്നത്. പൊലീസിനെ കണ്ടയുടന്‍ പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ എത്തിയ എസ്‌ഐ സച്ചിൻ ജിജേഷിനെ പിടികൂടി. ഇതോടെ ജിജേഷ് എസ്‌ഐയുടെ നെഞ്ചില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് എസ്‌ഐയുടെ കാലില്‍ ജിജേഷ് കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ എസ്‌ഐയേയും കൂടെ ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ശ്രീജിത്തിനെയും ഇയാള്‍ പട്ടിയെ വിട്ട് കടിപ്പിക്കുകയായിരുന്നു. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ജിജേഷിനെ പിടികൂടിയത്.

സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസ് ജീപ്പിന്റെ ചില്ലും ഇയാള്‍ അടിച്ചു തകര്‍ത്തു. നിരവധി ലഹരി, ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ജിജേഷ് എന്ന് പൊലീസ് പറഞ്ഞു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസുകാരെ ആക്രമിച്ചതിനും അടക്കം വിവിധ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ജിജേഷിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button