Uncategorized
60 വയസ് കഴിഞ്ഞവർ ജോലിക്ക് വരേണ്ടെന്ന് വനംവകുപ്പ്, അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ തൊഴിലാളികൾ സമരത്തിൽ

കോന്നി: പത്തനംതിട്ട കോന്നി അടവി കുട്ടവഞ്ചി സവാരികേന്ദ്രത്തിൽ തുഴച്ചിൽ തൊഴിലാളികൾ സമരത്തിൽ. 60 വയസ്സ് കഴിഞ്ഞവരെ ജോലിയിൽനിന്ന് ഒഴിവാക്കാനുള്ള വനംവകുപ്പിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ സമരവുമായി രംഗത്തെത്തിയത്. തൊഴിലാളികൾ പണി മുടക്കിയതോടെ രാവിലെ മുതൽ ഇക്കോ ടൂറിസം കേന്ദ്രം പ്രവർത്തിക്കുന്നില്ല.
സമരം നടക്കുന്നതറിയാതെ നിരവധി സഞ്ചാരികളാണ് ടൂറിസം കേന്ദ്രത്തിലെത്തിയത്. lതൊഴിലാളികൾ കുട്ടവഞ്ചി ഇറക്കാഞ്ഞതോടെ സഞ്ചാരികൾ മടങ്ങിപ്പോയി. കോന്നി ആനക്കൂട് അപകടത്തിന് ശേഷമാണ് 60 കഴിഞ്ഞവർ വേണ്ടെന്ന് വനംവകുപ്പ് തീരുമാനിച്ചത്.
തുഴച്ചിൽ തൊഴിലാളികൾ അല്ലാത്ത താൽക്കാലികക്കാരെയും തീരുമാനം ബാധിക്കും. വനം വകുപ്പിന്‍റെ തീരുമാനത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളികൾ പറഞ്ഞു.




