‘സൗന്ദര്യമില്ലെന്നും സ്വർണം കുറഞ്ഞെന്നും പറഞ്ഞ് പീഡിപ്പിച്ചു’; ഫോണിലൂടെ മുത്തലാഖ് ചൊല്ലി, പരാതിയുമായി യുവതി

മലപ്പുറം: മലപ്പുറം ഊരകത്ത് ഫോണിലൂടെ ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിയാണ് ഭാര്യയെ മുത്തലാഖ് ചൊല്ലി ബന്ധം ഉപേക്ഷിച്ചത്. നിയമ വിരുദ്ധ മുത്തലാഖിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. ഒന്നരവർഷംമുമ്പാണ് മലപ്പുറം ഊരകം സ്വദേശിയായ യുവതിയും കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടിയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാൾ മുതൽ തന്നെ സൗന്ദര്യമില്ല എന്ന് പറഞ്ഞ് പീഡനം തുടങ്ങിയെന്നാണ് യുവതി പറഞ്ഞു.
ഗർഭിണിയായിരിക്കെ തലകറങ്ങി വീണപ്പോൾ മാരകരോഗങ്ങൾ ഉണ്ടെന്നു പറഞ്ഞു വീട്ടിലേക്ക് മടക്കി വിട്ടു. കുഞ്ഞ് പിറന്നിട്ടു പോലും ഭർത്താവ് തിരിഞ്ഞുനോക്കിയില്ല. പതിനൊന്നു മാസത്തിനുശേഷം കഴിഞ്ഞദിവസം പിതാവിനെ വിളിച്ച് മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുന്നുവെന്ന് വീരാൻകുട്ടി പറഞ്ഞു. വിവാഹ സമ്മാനമായി നൽകിയ 30 പവൻ സ്വർണം വീരാൻകുട്ടിയും കുടുംബവും കൈകലാക്കിയെന്നും യുവതിയുടെ പരാതിയിയിലുണ്ട്. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലാണ് ഭർത്താവ് വീരാൻ കുട്ടിക്കെതിരെ യുവതി പരാതി നൽകിയിരിക്കുന്നത്.
ഉപ്പയെ വിളിച്ച് ഭര്‍ത്താവ് വളരെ മോശമായിട്ടാണ് സംസാരിച്ചിരുന്നതെന്നും തെറിവിളിച്ചിരുന്നുവെന്നും ഊരകം സ്വദേശിനിയായ യുവതി പറഞ്ഞു. കല്യാണം കഴിഞ്ഞശേഷം സൗന്ദര്യമില്ലെന്നും സ്വര്‍ണം കുറവാണെന്നും പറഞ്ഞായിരുന്നു ക്രൂരത നേരിട്ടത്. ഒരു മാസം വല്ലാത്ത ക്രൂരതയാണ് അനുഭവിച്ചതെന്ന് യുവതി പറഞ്ഞു. ഒന്നും രണ്ടും മൂന്നും ഞാൻ ചൊല്ലി ഇനിയൊരിക്കലും തന്നെ വേണ്ടെന്ന് ഭര്‍ത്താവ് ഉപ്പയോട് പറഞ്ഞു.
50 പവനാണ് അവര്‍ ചോദിച്ചത്. എന്‍റെ വീട്ടുകാര്‍ക്ക് 30 പവനാണ് നൽകാനായത്. ഇതിന്‍റെ പേരിലാണ് പീഡനം നേരിട്ടത്. പിന്നീട് തനിക്ക് മാരക രോഗമാണെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതിനിടയിൽ താൻ ഗര്‍ഭിണിയായിരുന്നു. എല്ലാവരും കുഞ്ഞിനെ ഒഴിവാക്കാൻ പറഞ്ഞിരുന്നു. എന്നാൽ, താൻ ഇപ്പോള്‍ കുഞ്ഞിനെ വളര്‍ത്തുന്നുണ്ട്. മൂപ്പരുടെ ഉപ്പയാണ് എനിക്ക് മാരകമായ അസുഖമുണ്ടെന്നാണ് പറഞ്ഞത്. രണ്ടു വര്‍ഷമാണ് പോയത്. കുഞ്ഞിന്‍റെ കാര്യത്തിലും തനിക്കും നീതി കിട്ടണമെന്നും യുവതി പറഞ്ഞു.