‘അപകടകരമായി ബസ് ഓടിച്ചത് ചോദ്യം ചെയ്തു’; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് പൊലീസിന്റെ മർദനമെന്ന് പരാതി

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന് പൊലീസിന്റെ ക്രൂരമർദനമെന്ന് പരാതി. മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ മകനായ 25 കാരനാണ് മർദനമേറ്റത്. അപകടകരമായ രീതിൽ ബസോടിച്ച ഡ്രൈവറെ ചോദ്യം ചെയ്തതിന് ആയിരുന്നു മർദനമെന്നാണ് വിവരം. മാർച്ച് 20ന്കോട്ടയം ഏറ്റുമാനൂർ ബസ്റ്റാന്റിലായിരുന്നു സംഭവം.
ഏറ്റുമാനൂർ സിഐയും സംഘവും ആണ് യുവാവിനെ ക്രൂരമായി മർദിച്ചത്. യുവാവും ബസ്ഡ്രൈവറും തമ്മിൽ പ്രശ്നം ഉണ്ടാവുകയും പിന്നീട് ബസ്ഡ്രൈവർ തന്നെ പൊലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു.
പ്രശ്നം ചോദിച്ചറിയുന്നതിന് പകരം 25കാരനെ പൊലീസ് ബസ്റ്റാന്റിലിട്ട് തന്നെ വളഞ്ഞിട്ടാക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. ആക്രമണത്തിൽ ഇയാളുടെ ഹെൽമെറ്റ് വലിച്ചെറിയുകയും ഫോൺ തല്ലിത്തകർക്കുകയും ചെയ്തെന്നും പരാതിയുണ്ട്. അതേസമയം ഈ സംഭവത്തോടെ ആക്രമിക്കപ്പെട്ട യുവാവിന്‍റെ മാനസികാവസ്ഥ വീണ്ടും താളം തെറ്റി എന്ന് കുടുംബം ആരോപിച്ചു.