Uncategorized
ഹിൽ പാലസ് മ്യൂസിയം ഇനി ഹരിത ടൂറിസം കേന്ദ്രം; പ്രഖ്യാപനവുമായി അനൂപ് ജേക്കബ് എംഎൽഎ

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ഹിൽ പാലസ് മ്യൂസിയം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. അനൂപ് ജേക്കബ് എംഎൽഎ പ്രഖ്യാപനം നടത്തി. ഹിൽ പാലസ് ക്യാമ്പസിനെ ഹരിത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് പുരാവസ്തു വകുപ്പും പൈതൃക പഠനകേന്ദ്രവും തൃപ്പൂണിത്തുറ നഗരസഭയും ഹരിത കേരള മിഷനും സംയുക്തമായി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്.
തൃപ്പൂണിത്തുറ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവമാലിന്യ സംസ്കരണത്തിനായി രണ്ട് യൂണിറ്റ് ബയോഡൈജസ്റ്ററുകളും, ഒരു മിനി എം.സി.എഫും (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) നാല് ബോട്ടിൽ ബൂത്തുകളും ഹിൽ പാലസിൽ അനുവദിച്ചിട്ടുണ്ട്. കൂടാതെ, അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീസ് നൽകിക്കൊണ്ട് കൈമാറുന്നതിനുള്ള സംവിധാനവും ഹിൽ പാലസ് ക്യാമ്പസിൽ നഗരസഭ ഒരുക്കിയിട്ടുണ്ട്.