കൊച്ചിയിൽ നടുറോഡിൽ യുവാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം; ബോണറ്റിന് മുകളിൽ കിടന്ന യുവാവുമായി സഞ്ചരിച്ചത് അര കി.മീ

കൊച്ചി: എറണാകുളം എസ്ആര്‍എം റോഡിൽ യുവാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം. കാറിന്റെ ബോണറ്റിന് മുകളിൽ കിടന്ന യുവാവിനെ അര കിലോ മീറ്ററോളം റോഡിലൂടെ കൊണ്ടുപോയി. സംഭവത്തില്‍ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ലഹരിക്ക് അടിമപ്പെട്ട യുവാവാണ് കാർ ഓടിച്ചതെന്ന് പൊലീസ് പറയുന്നു. റോഡിൽ കത്തി വീശിയ യുവാവിനെ ചോദ്യം ചെയ്തയാളെയാണ് കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്. നാല് യുവാകളാണ് കാറിൽ ഉണ്ടായിരുന്നത്. യുവാക്കൾ എസ്ആര്‍എം റോഡിലെ ഹോസ്റ്റലിൽ ലഹരി ഉപയോഗത്തിന് എത്തിയതാണെന്ന് നാട്ടുകാർ പറയുന്നു. പെൺ സുഹൃത്തുക്കൾക്കൊപ്പമുള്ള ലഹരി ഉപയോഗം നാട്ടുകാർ ചോദ്യം ചെയ്തു. ഇതോടെയാണ് തർക്കം തുടങ്ങിയത്. തുടര്‍ന്ന് യുവാവ് കത്തിയെടുത്ത് വീശുകയായിരുന്നു. പിന്നീട് കാർ മുന്നോട്ട് എടുത്തതോടെയാണ് യുവാവിനെ ഇടിച്ചത്. ഹോസ്റ്റൽ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം സ്ഥിരമാണെന്ന് പൊലീസ് പറയുന്നു.