‘പുരുഷന്മാർക്ക് എല്ലാ ആഴ്ചയും രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകൂ’; നിയമസഭയില്‍ ആവശ്യപ്പെട്ട് കർണ്ണാടക എംഎല്‍എ

സംസ്ഥാന നിയമസഭാ സമ്മേളനങ്ങളിൽ ഭരണ പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ചർച്ചയും ആരോപണ പ്രത്യാരോപണങ്ങളും കയ്യാങ്കളിയും വരെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, ഇതാദ്യമായിരിക്കാം ഒരു എംഎൽഎ നിയമസഭയിൽ പുരുഷന്മാര്‍ക്ക് കുടിക്കാൻ മദ്യം സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെടുന്നത്. കർണാടക നിയമസഭയിലാണ് മുതിർന്ന ജെഡിഎസ് നിയമസഭാംഗം എം ടി കൃഷ്ണപ്പ ഇത്തരത്തിൽ ഒരാവശ്യം ഉന്നയിച്ചത്.
കർണാടക സർക്കാരിന്‍റെ 2025-26 ബജറ്റ് എക്സൈസ് വരുമാനം 40,000 കോടി രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് തുരുവേകെരെയെ പ്രതിനിധീകരിക്കുന്ന മുതിർന്ന ജെഡിഎസ് എംഎൽഎ എം ടി കൃഷ്ണപ്പ സൗജന്യ മദ്യം വേണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചത്. നിയമസഭയിലെ അവതരണത്തിൽ അദ്ദേഹത്തിന്‍റെ വാക്കുകൾ ഇങ്ങനെയായിരുന്നു; “ഒരു വർഷത്തിനുള്ളിൽ, സർക്കാർ മൂന്ന് തവണ (എക്‌സൈസ്) നികുതി വർദ്ധിപ്പിച്ചു. ഇത് പാവങ്ങളെ ബാധിക്കുന്നു. 40,000 കോടി രൂപയുടെ എക്‌സൈസ് ലക്ഷ്യം വീണ്ടും നികുതി കൂട്ടാതെ എങ്ങനെ കൈവരിക്കും? ആളുകളെ, പ്രത്യേകിച്ച് തൊഴിലാളികളെ മദ്യപിക്കുന്നതിൽ നിന്ന് തടയാൻ ഞങ്ങൾക്ക് കഴിയില്ല. അവരുടെ ചെലവിൽ, നിങ്ങൾ സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപയും സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നൽകുന്നു. എന്തായാലും അത് ഞങ്ങളുടെ (പുരുഷന്മാരുടെ) പണമാണ്. അതിനാൽ, കുടിക്കുന്നവർക്ക് ആഴ്ചയിൽ രണ്ട് കുപ്പി മദ്യം സൗജന്യമായി നൽകുക. അവർ കുടിക്കട്ടെ.” എംഎൽഎയുടെ ആവശ്യം സഭ പ്രക്ഷുബ്ധമാക്കിയെങ്കിലും അതൊന്നും കൂസാക്കാതെ അദ്ദേഹം സൗജന്യ മദ്യം സൊസൈറ്റികൾ വഴി വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.