Uncategorized

ഇന്ന് മുതൽ നിരാഹാര സമരം, കണ്ണിൽ പൊടിയിടാനുളള ചർച്ചയെന്ന് ആശമാർ; യാഥാ‍‍ർ‍ഥ്യ ബോധത്തോടെ കാണണമെന്ന് മന്ത്രി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് നിരാഹാര സമരം ചെയ്യുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആശാ വർക്കർമാർ. ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാരുടെ നിരാഹാര സമരം ആരംഭിക്കുന്നത്. ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചു.

നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു ഇന്നലെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാർ ആരോപിച്ചു. പുതിയ നിർദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും ആശാ വർക്കർമാർ പറഞ്ഞു. എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചർച്ച നടന്നത്. ഇന്ന് നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചപ്പോഴായിരുന്നു ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായത്. സർക്കാർ ഖജനാവിൽ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചർച്ചയിൽ ആവർത്തിച്ചു. ഇന്നലെ നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വർക്കർമാർ വ്യക്തമാക്കി.

ആരോഗ്യമന്ത്രി വീണ ജോർജ്ജിന്റെ പ്രതികരണം

‘ആശമാരുടെ ആവശ്യം അനുഭാവപൂർവ്വം കേട്ടു. സമരത്തിൽ നിന്നും പിൻമാറണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ സമരക്കാർ തയ്യാറായില്ല. ആശമാരുടെ പ്രവർത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. 7000 രൂപ ഓണറേറിയം നൽകുന്നത് സംസ്ഥാനം മാത്രമാണ്. ഇൻസന്റീവ് കേന്ദ്രവും സംസ്ഥാനവും കൂടിയാണ് നൽകുന്നത്. ഫിക്സ്ഡ് ഇൻസെനറീറീവ് 3000 രൂപയാണ്. ഇതിൽ 1600 കേന്ദ്രവും 1400 കേരളവുമാണ് നൽകുന്നത്. ഓണറേറിയത്തിന് 2017 ൽ 10 മാനദണ്ഡങ്ങൾ നിശ്ചയിച്ചിരുന്നു. അത് പിൻവലിക്കണമെന്ന് സമരം തുടങ്ങി ആദ്യ ഘട്ടത്തിൽ സമരക്കാർ ആവശ്യപ്പെട്ടു. ചർച്ചക്ക് വന്നപ്പോൾ ഇക്കാര്യം പറഞ്ഞു. മാനദണ്ഡലം പിൻവലിക്കാനാകുമോ എന്ന് പഠിക്കാൻ കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡം പിൻവലിച്ചു. 2006 ൽ നിശ്ചയിച്ച ഇൻസന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല. സംസ്ഥാനത്ത് ആകെ 26125 ആശമാരാണുള്ളത്. ആകെ 400 ഓളം പേരാണ് സമരത്തിനുള്ളത്. കേരളത്തിൽ ആശമാർക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നു. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല. 21000 രൂപ ഓണറേറിയം, വിരമിക്കൽ ആനുകൂല്യം എന്നിവ സമരക്കാർ ആവർത്തിക്കുന്നു. കൂട്ടരുതെന്ന നിലപാട് സംസ്ഥാനത്തിന് ഇല്ല. മൂന്നിരട്ടി ഉടൻ കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങൾ പരിഗണിച്ച് മാത്രമെ അത് ആലോചിക്കാൻ പോലും കഴിയൂ’ – ആരോഗ്യമന്ത്രി വീണാ ജോർജ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button