സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ആത്മഹത്യാ ഭീഷണിയിൽ നിന്ന് പുറത്തുവന്ന കൊലപാതകം; നാട് നടുങ്ങിയ കേസിൽ നാളെ വിധി

മഞ്ചേരി: നാടിനെ നടുക്കിയ മൈസുരുവിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതക കേസിൽ മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി നാളെ വിധി പറയും. മുഖ്യപ്രതിയായ മലപ്പുറം നിലമ്പൂര്‍ സ്വദേശി ഷൈബിൻ അഷ്റഫ്, ഭാര്യ ഫസ്ന അടക്കം 15 പ്രതികളാണ് കേസിലുള്ളത്. വിചാരണയുടെ ഭാഗമായി എൺപത് സാക്ഷികളെ കോടതി വിസ്തരിച്ചു.
ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഈ സംഭവത്തിൽ നിന്നാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറംലോകം അറിഞ്ഞത്. പിന്നീട് അന്വേഷണത്തിൽ കാര്യങ്ങൾ ഓരോന്നായി പുറത്തുവന്നു. നാട്ടുകാരോട് സൗമ്യനായി പെരുമാറിയിരുന്ന ഷൈബിൻ അഷ്റഫ് ചെയ്ത ക്രൂരതകൾ ഞെട്ടലോടെയാണ് മുക്കട്ടയിലെ ജനങ്ങൾ കേട്ടത്. മൈസൂർ സ്വദേശിയായ പാരമ്പര്യ ചികിത്സാ വിദഗ്ധൻ ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്നത് 2019 ഓഗസ്റ്റിലായിരുന്നു. വ്യവസായായ നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റഫും സംഘവുമായിരുന്നു പിന്നിൽ. ഒറ്റമൂലി മരുന്നുകളുടെ രഹസ്യം ചോർത്തി മരുന്നു വ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ഒരു വർഷം ചങ്ങലക്ക് ഇട്ടു പീഡിപ്പിച്ചിട്ടും വൈദ്യൻ മരുന്നിന്റെ രഹസ്യം പറയാൻ തയ്യാറായില്ല. ക്രൂര പീഡനത്തിന് ഒടുവിൽ ഷാബ ഷെരീഫ് കൊല്ലപ്പെട്ടു.
മൃതദേഹം കഷണങ്ങളാക്കി ചാലിയാറിൽ തള്ളി. എന്നാൽ പിന്നീട് പ്രതികൾ തമ്മിൽ തെറ്റി. വാഗ്ദാനം ചെയ്ത പ്രതിഫലം ഷൈബിൻ അഷറഫ് നൽകാതെ വന്നതോടെ കൂട്ടുപ്രതികളായ സുഹൃത്തുക്കൾ ഷൈബിൻ അഷ്റഫിനെ ബന്ദിയാക്കി പണം കവർന്നു. ഈ കവർച്ചയിൽ പരാതിയുമായി ഷൈബിൻ പൊലീസിനെ സമീപിച്ചു. ഇതോടെ ഷൈബിനിൽ നിന്ന് വധ ഭീഷണി ഉണ്ടെന്ന് പറഞ്ഞ് കൂട്ടു പ്രതികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കി.
ക്രൂര കൊലപാതകത്തിന്റെ വിവരം ഈ കൂട്ടുപ്രതികളാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. ഷൈബിൻ, ഷാബാ ഷെരീഫിനെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവും ഇവർ പൊലീസിന് കൈമാറി. ഇതോടെ മുഖ്യപ്രതി ഷൈബിൻ അഷറഫ് അടക്കമുള്ളവർ പൊലീസിന്റെ പിടിയിലായി. എന്നാൽ മൃതദേഹം കണ്ടെത്താനായില്ല.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പിൻബലമില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളാണ് പിന്നീട് നിർണ്ണായകമായത്.ഷൈബിൻ അഷ്റഫിന്റെ വാഹനത്തിൽ നിന്ന് ലഭിച്ച മുടി, മൈറ്റോകോൺട്രിയൽ ഡിഎൻഎ പരിശോധനയിലൂടെ ഷാബാ ഷെരീഫിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഷാബ ശരീഫിന്റെ ഭാര്യയും മക്കളും ഷൈബിൻ അഷ്റഫിന്റെ സംഘത്തെ തിരിച്ചറിയുകയും ചെയ്തു. ഇതിനെല്ലാം പുറമെ മുമ്പ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങൾ ഷൈബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരം ആയിരുന്നുവെന്ന പരാതികളിൽ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.