ഇതെന്ത് മറിമായം! നല്ല തേങ്ങ കായ്ക്കുമെന്ന് പ്രതീക്ഷിച്ച് വെച്ച തൈയ്യിൽ വളർന്നതും കായ്ച്ചതും തെങ്ങിൻ തൈ

തിരുവനന്തപുരം: സാറേ, നല്ല തേങ്ങ ഉണ്ടാകും, മൂന്ന് വർഷം മതി. വെണ്ണിയൂർ നെല്ലിവിള ആർ.പി.സദനത്തിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കെ.ആർ.രാജേഷ് കുമാർ ഒരു തെങ്ങിൻ തൈ വാങ്ങുമ്പോൾ വിൽപ്പനക്കാരൻ പറഞ്ഞ വാക്കുകളിങ്ങനെയാണ്. മൂന്ന് വർഷത്തിനുള്ളിൽ തെങ്ങ് വളർന്നു, കായ്ച്ചു. പക്ഷേ തേങ്ങയ്ക്ക് പകരം കായ്ച്ചത് തെങ്ങിൻ തൈ തന്നെ. മൂന്നുവർഷം കൊണ്ട് കായ്ക്കുമെന്ന് പറഞ്ഞ് വെങ്ങാനൂർ സ്വദേശി നൽകിയ തെങ്ങിൻ തൈ ഇന്ന് നാട്ടുകാർക്ക് കൌതുകമാവുകയാണ്.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കെ.ആർ.രാജേഷ് കുമാറിന്‍റെ വീട്ടുമുറ്റത്തെ തെങ്ങിലാണ് ഈ കൗതുകം. തെങ്ങ് നട്ട് മൂന്നാം വർഷം കൂമ്പ് വന്നു. ഇതിൽ നിന്നും ആദ്യഫലം കായ്ക്കുന്നതും പ്രതീക്ഷിച്ചിരുന്ന കുടുംബത്തെ അത്ഭുതപ്പെടുത്തി കൂമ്പിനുള്ളിൽ നിന്നും ഓലകൾ പുറത്തേക്കു വന്നു. വീണ്ടും ആറുമാസം കാത്തിരുന്നു. വീണ്ടും ഒൻപത് കൂമ്പുകൾ വന്നതിലും അച്ചിങ്ങയില്ല, പകരം മുളച്ചത് ഓലയായിരുന്നു. ഇതെന്ത് മറിമായമെന്ന് ചോദിക്കുകയാണ് വീട്ടുകാരും സമീപവാസികളും. തേങ്ങയില്ലാതെ നേരിട്ട് തൈ ഉല്പാദിപ്പിച്ച തെങ്ങ് നാട്ടുകാർക്കും വീട്ടുകാർക്കും കൗതുകമാകുകയാണ്. എന്തയാലും ഇതിന്‍റെ യാഥാർഥ്യം തിരിച്ചറിയാൻ കൃഷിഭവൻ ഉദ്യോഗസ്ഥരെ സമീപിച്ചിരിക്കുകയാണ് വീട്ടുടമ.