Uncategorized

അടിപ്പാത നിർമ്മാണത്തിന്റെ മറവിൽ മണ്ണുമായി എത്തിയത് ടോറസ് ലോറികൾ, തണ്ണീർത്തടം കരയായത് അവധി ദിവസങ്ങളിൽ

തൃശൂർ: പുതുക്കാട് ആമ്പല്ലൂരിലെ അടിപ്പാത നിർമ്മാണത്തിന്റെ മറവിൽ പാലിയേക്കര മണലിയിൽ തണ്ണീർത്തടം മണ്ണിട്ട് നികത്തിയതായി കണ്ടെത്തി. മണലിയിൽ പഴയ ദേശീയപാതയോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് അനധികൃതമായി മണ്ണിട്ട് നികത്തിയത്. ആർ.ഡി.ഒക്ക് ലഭിച്ച പരാതിയെ തുടർന്ന് നെൻമണിക്കര വില്ലേജ് ഓഫീസർ സ്ഥലത്തെത്തി തണ്ണീർത്തടം നികത്തൽ തടഞ്ഞു.

ആമ്പല്ലൂരിലെ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉപകരാർ എടുത്ത കമ്പനി ഈ സ്ഥലം വാങ്ങുന്നതിനായി കരാർ നടത്തിയിരുന്നതായി വില്ലേജ് അധികൃതർ പറഞ്ഞു. ഇതിൽ ആരാണ് തണ്ണീർത്തടം നികത്തിയതെന്ന അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുള്ളത്. സർക്കാർ ഓഫീസുകൾ അവധിയായ കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായിരുന്നു മണ്ണിട്ട് നികത്തൽ നടന്നത്. അധികൃതരുടെ കണ്ണുവെട്ടിച്ച് ടോറസ് ലോറികളിൽ എത്തിച്ച ലോഡുകണക്കിന് മണ്ണുപയോഗിച്ചാണ് തണ്ണീർത്തടം നികത്തിയിരിക്കുന്നത്.

എന്നാൽ അടിപ്പാത നിർമ്മാണത്തിനാവശ്യമായ മണ്ണ് സൂക്ഷിക്കാൻ വേണ്ടി കൂട്ടിയിട്ടതാണെന്നാണ് വില്ലേജ് ഓഫീസർക്ക് ലഭിച്ച വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ വില്ലേജ് അധികൃതർ തണ്ണീർത്തടം പൂർവ്വസ്ഥിതിയിലാക്കാൻ നടപടിയെടുക്കണമെന്ന റിപ്പോർട്ട് ആർ.ഡി.ഒക്ക് സമർപ്പിച്ചു. ദേശീയപാതയോരത്ത് അടുത്തിടെയായി വ്യാപകമായാണ് തണ്ണീർത്തടം നികത്തുന്നതെന്നാണ് ആരോപണം. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button