Uncategorized

രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുന്നു, ഉറ്റവരെ അവസാനമായൊന്ന് കാണാൻ പോലുമാകാതെ റഹീം

ഉറ്റവരെ അവസാനമായൊന്ന് കാണാൻ നാട്ടിലെത്താൻ പോലും കഴിയാത്ത പ്രതിസന്ധിയിലാണ് വെഞ്ഞാറമ്മൂട്ടിൽ 5 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ 23 കാരൻ അഫാന്റെ അച്ഛൻ റഹീം. ഇഖാമ കാലാവധി തീർന്ന് രണ്ടര വർഷമായി സൗദിയിൽ യാത്രാവിലക്ക് നേരിടുകയാണ് ഇദ്ദേഹം. റഹീമിനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സാമൂഹ്യ സംഘടനകൾ ശ്രമം തുടങ്ങി.

റഹീം നാട്ടിൽ വന്നിട്ട് 7 വർഷമായി. ഇഖാമ കാലാവധി തീർന്നിട്ട് രണ്ടര വർഷമായി. മരിച്ച കുടുംബാംഗങ്ങളെ അവസാനമായൊന്ന് കാണണമെങ്കിൽ പോലും നടപടികൾ തീരുന്നത് വരെ കാത്തിരുന്നേ പറ്റൂ. ഒന്നുകിൽ സ്പോൺസറെ കണ്ടെത്തി ഇഖാമ പുതുക്കി പിഴയടച്ച് യാത്രാവിലക്ക് നീക്കണം. അല്ലെങ്കിൽ എംബസി വഴി, ലേബർ കോടതിയുടെ മുമ്പിലെത്തിച്ച് ഡീപ്പോർട്ട് ചെയ്യിക്കണം. എല്ലാത്തിനും ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച്ചയെങ്കിലും സാധാരണ ഗതിയിൽ സമയമെടുക്കും. അതിന് മുൻപേ നാട്ടിലെത്തിക്കാനാണ് സാമൂഹ്യപ്രവർത്തകരുടെ ശ്രമം.

രേഖകൾ ശരിയാക്കാനാണെങ്കിൽ തന്നെ 3 വർഷത്തോളം നീണ്ട അനധികൃത താമസത്തിന് വലിയ പിഴ വരും. ഇത് എങ്ങനെയെങ്കിലും കണ്ടെത്താമെന്നാണ് സാമൂഹ്യ പ്രവർത്തകരുടെ പ്രതീക്ഷ. വർഷങ്ങളായി റിയാദിലായിരുന്ന റഹീം കച്ചവടത്തിലെ തകർച്ചയെത്തുടർന്നാണ് പ്രതിസന്ധിയിലായത്. പിന്നീട് ദമാമിലേക്ക് മാറി. ഇതിനിടയിൽ കൊല്ലപ്പെട്ടവരും കൊന്നയാളുമെല്ലാം സ്വന്തം കുടുംബത്തിൽ നിന്നായ വലിയൊരു പ്രതിസന്ധിയും. എന്താണ് സംഭവിച്ചതെന്ന് റഹീമിന് ഇപ്പോഴും മനസ്സിലാക്കാനാവുന്നില്ല. ഉറ്റവരെ അവസാനമായൊന്ന് കാണുന്നതിൽ പോലും പ്രതിസന്ധി നേരിടുകയാണ് ഈ മനുഷ്യൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button