Uncategorized

8 പേർ ടണലിടിഞ്ഞ് കുടുങ്ങിയിട്ട് ഒന്നരദിവസം, അകത്ത് ചെളിയും വെള്ളവും, നാഗർ കുർണൂൽ രക്ഷാദൗത്യം പ്രതിസന്ധിയിൽ

തെലങ്കാന: നാഗർ കുർണൂലിൽ ടണലിടിഞ്ഞ് വീണ് എട്ട് പേർ അകത്ത് കുടുങ്ങി ഒന്നരദിവസം പിന്നിടുമ്പോൾ രക്ഷാദൗത്യം കടുത്ത പ്രതിസന്ധിയിൽ. ടണലിനകത്ത് വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നതിനാൽ സൈന്യമടക്കമുള്ള ദൗത്യസംഘത്തിന് അകത്തേക്ക് പ്രവേശിക്കാനാകുന്നില്ല. വലിയ ശേഷിയുള്ള പമ്പുകളുപയോഗിച്ച് വെള്ളവും ചെളിയും പമ്പ് ചെയ്ത് മാറ്റാനാണ് ദൗത്യസംഘത്തിന്‍റെ ഇപ്പോഴത്തെ ശ്രമം. ടണലിനകത്തെ എയർ ചേംബറും കൺവെയർ ബെൽറ്റും തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.

ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ ജലസേചന പദ്ധതിയുടെ വമ്പൻ ടണലുകളിലൊന്നിന്‍റെ മേൽക്കൂര ഇടിഞ്ഞ് വീണ് ഇതിനകത്ത് എട്ട് പേർ കുടുങ്ങിയത്. പ്രൊജക്റ്റ്, സൈറ്റ് എഞ്ചിനീയർമാരായ രണ്ട് പേരും ആറ് തൊഴിലാളികളുമാണ് ടണലിനകത്ത് കുടുങ്ങിക്കിടക്കുന്നത്. ടണൽ നിർമാണത്തിന് കരാറെടുത്ത കമ്പനിയുടെയും ബോറിംഗ് മെഷീൻ കൊണ്ട് വന്ന കമ്പനിയുടെയും ജീവനക്കാരാണ് അകത്ത് കുടുങ്ങിയിരിക്കുന്നത്.

പഞ്ചാബ്, യുപി, ജമ്മു കശ്മീർ, ജാർഖണ്ഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ടണലിന്‍റെ പ്രവേശന കവാടത്തിൽ നിന്ന് 13.5 കിലോമീറ്റർ അകലെയാണിവരുള്ളത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ 9 കിലോമീറ്ററിനപ്പുറം കൺവേയർ ബെൽറ്റടക്കം തകർന്ന് ചെളിയും വെള്ളവും മൂടിയ സ്ഥിതിയാണ്. മുട്ടറ്റം ചളിയും നാല് മീറ്ററോളം ഉയരത്തിൽ വെള്ളവുമുണ്ട്. അകത്തേക്ക് ദൗത്യസംഘത്തിന് ഈ സാഹചര്യത്തിൽ കടക്കാനാകില്ല. അതിനാൽ 100 ഹോഴ്സ് പവർ ശേഷിയുള്ള പമ്പുകൾ അകത്തെത്തിച്ച് ചെളിയും വെള്ളവും പമ്പ് ചെയ്ത് കളയാനുള്ള തീവ്രശ്രമത്തിലാണ് സൈന്യത്തിന്‍റെ എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്സിന്‍റെ നേതൃത്വത്തിലുള്ള ദൗത്യസംഘം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button