ഒഴിഞ്ഞ പറമ്പിൽ മദ്യപാനം; ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച് അവശനാക്കി, മൂന്നുപേര്‍ അറസ്റ്റിൽ

തൃശൂർ: മതിലകം അഞ്ചങ്ങാടി ജങ്ഷൻ സമീപം ഒഴിഞ്ഞ പറമ്പിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് യുവാവിനെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ 3 പേർ അറസ്റ്റിൽ. പ്രതികളായ പി. വെമ്പല്ലൂർ പനങ്ങാട്ട് ഗോകുൽ (27), പനങ്ങാട് മുള്ളൻ ബസാർ പടിയത്ത് ശ്രീശാന്ത് (19) എടവിലങ്ങ് കാരഞ്ചരി ബാലു (37) എന്നിവരെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.
കാര കാതിയാളം പ്രദേശത്ത് വാടകയ്ക്ക് താമസിക്കുന്ന പി. വെമ്പല്ലൂർ ഇല്ലിച്ചോട് ദേശത്ത് പുതുകുളത്ത് വീട്ടിൽ നൗഫൽ (34) നെ മുഖത്ത് അടിക്കുകയും ഇഷ്ടിക കഷണം കൊണ്ട് നെറ്റിയിലും തലയുടെ പുറകുവശത്തും ഇടിയ്ക്കുകയും ചെയ്ത് മർദ്ദിച്ച് അവശനാക്കിയ സംഭവത്തിലാണ് അറസ്റ്റ്.
മതിലകം ഇൻസ്പെക്ടർ എം. കെ. ഷാജിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രമ്യ കാർത്തികേയൻ, ഫ്രാൻസീസ്, റിജി, സിവിൽ പോലീസ് ഓഫീസർ ഷിഹാബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഗോകുൽ കൊടുങ്ങല്ലൂർ, മതിലകം പൊലീസ് സ്റ്റേഷനുകളിലായി 4 കേസുകളിലും ബാലു കൊടുങ്ങല്ലൂർ, മതിലകം പോലീസ് സ്റ്റേഷനുകളിലായി 3 കേസുകളിലും പ്രതിയാണ്.