Uncategorized

യുപിയിലെ ആശുപത്രിയിൽ മരിച്ച നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ തിന്നു; ബന്ധുക്കൾ ഉപേക്ഷിച്ചതെന്ന് അധികൃതർ

ലക്നൗ: ഉത്തർപ്രദേശിലെ ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ്നായ്ക്കൾ കടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാദം. ലളിത്പൂരിലെ മെഡിക്കൽ കോളേജിൽ മരിച്ച ശിശുവിന്റെ മൃതദേഹമാണ് അതേ ആശുപത്രിയുടെ പരിസരത്തു തന്നെ തെരുവ്നായ്ക്കൾ പകുതിയോളം ഭക്ഷിച്ചത്. കണ്ടുനിന്ന ആളുകൾ നായകളെ ഓടിച്ചപ്പോഴേക്കും ശരീരത്തിന്റെ തലഭാഗം മുഴുവനായി വേർപ്പെട്ടിരുന്നു. കുട്ടിയുടെ കുടുംബമാണ് ഈ സംഭവത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ലളിത്പൂർ മെഡിക്കൽ കോളേജിലെ ജില്ലാ വിമൺസ് ഹോസ്പിറ്റലിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഈ കുട്ടി ജനിച്ചത്. ജന്മനാ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ സ്പെഷ്യൽ ന്യൂബോൺ കെയർ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് ഭാരം കുറവായിരുന്നു. തലയും പൂർണമായി വളർന്നിരുന്നില്ല. കുഞ്ഞിന് 1.300 കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മീനാക്ഷി സിങ് പറ‌ഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോൾ മിനിറ്റിൽ 80 തവണ ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താൻ കഴിയുമോ എന്ന സംശയത്തിനിടെ വൈകുന്നേരത്തോടെ കുഞ്ഞ് മരണപ്പെട്ടു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

ബന്ധുവിന്റെ വിരലടയാളം വാങ്ങിയാണ് മൃതദേഹം കൈമാറിയതെന്ന് ആശുപത്രി അധികൃതർ പറ‌ഞ്ഞു. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരമാണ് ഒരു കുഞ്ഞിന്റെ മൃതദേഹം തെരുവ്നായ്ക്കൾ കടിച്ചുവലിക്കുന്നുവെന്ന വിവരം അറിയിച്ചത്. പരിശോധിച്ചപ്പോൾ തലയറ്റ നിലയിൽ മൃതദേഹം കണ്ടു. കുഞ്ഞിന്റെ മാതാപിതാക്കൾ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചുവെന്നാണ് അധികൃതർ ആരോപിക്കുന്നത്. കൈയിൽ ആശുപത്രിയുടെ ടാഗ് ഉണ്ടായിരുന്നതിനാലാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പൊലീസ് എത്തുംമുമ്പ് മൃതദേഹം മാറ്റിയെന്നും അധികൃതർ പറഞ്ഞു. സംഭവം അന്വേഷിക്കാൻ ലളിത്പൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നാല് ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചു. ഇവരോട് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button