Uncategorized

കാനഡയിലെത്തിയ 20000 ഇന്ത്യൻ വിദ്യാർത്ഥികൾ എവിടെയെന്നറിയില്ല! കോളേജിലെത്തിയില്ല

വിദ്യാഭ്യാസ വിസയിൽ കാനഡയിലെത്തിയ 20000 ത്തോളം വിദ്യാർത്ഥികൾ അവർ അഡ്മിഷൻ നേടിയ കോളേജുകളിലോ സർവകലാശാലകളിലോ എത്തിയില്ലെന്ന് റിപ്പോർട്ട്. ഇമ്മിഗ്രേഷൻ റെഫ്യുജീസ് ആൻ്റ് സിറ്റിസൺഷിപ്പ് കാനഡ 2024 റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. വിദേശത്ത് നിന്നെത്തിയ ആകെ അരലക്ഷത്തോളം വിദ്യാർത്ഥികളെ ഇങ്ങനെ കാണാതായിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ 5.4 ശതമാനമാണ് കോളേജുകളിൽ എത്താത്തവർ എന്നാണ് വിവരം.

ലോകത്തെ 144 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാ‍ത്ഥികളിൽ ഫിലിപ്പീൻസിലെ 688 പേരും ചൈനയിൽ നിന്നുള്ള 4279 പേരും അഡ്മിഷൻ എടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിയിട്ടില്ല. ഇന്‍റർനാഷണൽ സ്റ്റുഡന്‍റ് കംപ്ലയൻസ് റെജിമിന് കീഴിൽ ശേഖരിച്ചതാണ് ഈ കണക്ക്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദേശ വിദ്യാർത്ഥികൾ സ്റ്റഡി പെർമിറ്റ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വർഷത്തിൽ രണ്ടു തവണ എൻറോൾമെന്‍റിനെക്കുറിച്ച് റിപ്പോർട്ട് ചെയ്യണമെന്നാണ് കാനഡയിലെ നിയമം.

ഇത്തരത്തിൽ സ്റ്റഡി പെർമിറ്റ് വിസ ചട്ടം ലംഘിച്ച് കാനഡയിൽ അനധികൃതമായി തുടരുന്നവർക്കെതിരെ കടുത്ത നടപടി എൻഫോഴ്സ്മെൻ്റ് വിഭാഗം സ്വീകരിക്കാറുണ്ട്. പിടിയിലാകുന്നവരുടെ വിസ ആജീവനാന്തം റദ്ദാക്കുകയും നാടുകടത്തുകയും ചെയ്യും. പിന്നീടൊരിക്കലും കാനഡയിൽ ഇവരെ പ്രവേശിപ്പിക്കുകയുമില്ല.

അതേസമയം അമേരിക്ക – കാനഡ അതിർത്തി വഴി യുഎസിലേക്ക് അനധികൃത കുടിയേറ്റം നടക്കുന്നതായി ഏറെക്കാലമായി റിപ്പോർട്ടുണ്ട്. സ്റ്റഡി പെർമിറ്റ് ഉപയോഗിച്ച് കാനഡയിലെത്തിയ ശേഷം അവിടെ നിന്ന് അമേരിക്കയിലേക്ക് കടക്കുന്നതാണ് രീതി. ഇതിൽ നിരവധി ഇന്ത്യാക്കാരും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. അമേരിക്കയിലേക്ക് കടക്കാൻ ഇന്ത്യാക്കാരെ സഹായിക്കുന്ന തരത്തിൽ കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ത്യയിലെ ഏജൻസികളും പരസ്പര സഹകരണത്തോടെ പ്രവ‍ർത്തിക്കുന്നുണ്ടോയെന്ന് എൻഫോഴ്സ്മെൻ്റ് വിഭാഗം അന്വേഷിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button