പട്ടഞ്ചേരിയിൽ ആകാശത്ത് കൂറ്റനൊരു ബലൂൺ; കനത്ത കാറ്റിൽ 3 പേരുമായി ദിശ തെറ്റി പറന്നു, ഒടുവിൽ സുരക്ഷിത ലാൻഡിംഗ്
പാലക്കാട്: പാലക്കാട് വീണ്ടും ഭീമൻ ബലൂൺ ഇറക്കി. ഇത്തവണ പാലക്കാട് പട്ടഞ്ചേരിയിലാണ് ഭീമൻ ബലൂൺ ഇറക്കിയത്. പൊള്ളാച്ചിയിലെ ബലൂൺ ഫെസ്റ്റിൽ പറത്തിയ ബലൂൺ കനത്ത കാറ്റിൽ ദിശ തെറ്റിയാണ് ഇത്തവണ എത്തിയത്. ദിശ തെറ്റിയതോടെ ബലൂൺ പട്ടഞ്ചേരിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. ബലൂണിൽ മൂന്ന് യാത്രക്കാരുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്തേക്കിറക്കിയ ബലൂണില്‍ ഉണ്ടായിരുന്നത് രണ്ട് പെൺകുട്ടികളായിരുന്നു. ഇന്ധനം തീർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ഭീമൻ ബലൂൺ ആണ് പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്താണ് ഇറക്കിയത്. തമിഴ്നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നൽകുന്ന രണ്ട് പേരുമാണ് ബലൂണിൽ ഉണ്ടായിരുന്നത്.
പൊള്ളാച്ചിയിൽ തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായിട്ടായിരുന്നു ബലൂൺ പറപ്പിക്കൽ. പൊള്ളാച്ചിയിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം പറന്നാണ് കന്നിമാരിയിൽ ബലൂൺ ഇറക്കിയത്. സംഭവം അറിഞ്ഞ് കമ്പനി അധികൃതരും പൊലീസും സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിതരാക്കി കൊണ്ടുപോയി. പാടത്തിറക്കിയ ബലൂൺ ചുരുട്ടിയെടുക്കുകയും ചെയ്തു. കര്‍ഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂൺ ഇറക്കിയത്. പാടത്ത് ഞാറ് നട്ടിരിക്കുന്ന സമയം ആയിട്ടുകൂടി കുട്ടികളുടെ സുരക്ഷയെ കരുതി കര്ഷകൻ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബലൂൺ ഇടിച്ചിറക്കിയത്.