Uncategorized

മഹാ കുംഭമേള രണ്ടാം ദിനം; അമൃത സ്നാനത്തിൽ പങ്കെടുക്കാൻ വൻ ജനത്തിരക്ക്, സന്യാസി സംഘങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു

ലക്നൗ: ഉത്തർപ്രദേശിൽ പുരോഗമിക്കുന്ന മഹാ കുംഭമേളയിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുന്നു. രണ്ടാം ദിനമായ ഇന്ന് രാവിലെ ഏഴ് മണിയോടെ മാത്രം ഒരു കോടിയോളം പേർ സ്നാനത്തിൽ പങ്കെടുത്തെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. മകര സംക്രാന്തി ദിനത്തിലെ അമൃത സ്നാനത്തിൽ പങ്കെടുക്കാൻ വിവിധ സന്ന്യാസി സംഘങ്ങൾ പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

രണ്ടാം ദിനമായ ചൊവ്വാഴ്ച പുലർച്ചെ മുതൽ മകര സംക്രാന്തിയോടനുബന്ധിച്ച് ഒന്നാം അമൃത സ്നാനമാണ് നടക്കുന്നത്. മഹാ കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നാണിത്. നാഗ സന്ന്യാസിമാരടക്കം 13 സന്ന്യാസി അഖാഡകൾ ഘോഷയാത്രായി ഇപ്പോൾ പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

സന്ന്യാസിമാർക്ക് സ്നാനത്തിനായി പ്രത്യേക ഘാട്ടുകൾ തയാറാക്കിയെന്ന് ഉത്തർ പ്രദേശ് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ ഏഴരയോടെ സ്നാനത്തിൽ പങ്കെടുത്തവരുടെ എണ്ണം ഒരു കോടി കടന്നു. ഇന്ന് ആകെ മൂന്ന് കോടി പേർ സ്നാനത്തിന് എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആദ്യ ദിനമായ ഇന്നലെ മാത്രം ഒന്നരകോടി പേരാണ് സ്നാനത്തിൽ പങ്കെടുത്തത്.

മഹാകുംഭ മേള തുടങ്ങി ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, കർശന സുരക്ഷയിലാണ് ചടങ്ങുകൾ പുരോ​ഗമിക്കുന്നതെന്നും ഉത്തർപ്രദേശി ഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു. ലോകത്തെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയ്‌ക്ക് പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യസ്‌നാനത്തോടെ തിങ്കളാഴ്‌ച പുലർച്ചെയാണ് തുടക്കമായത്. സവിശേഷമായ ‘ഷാഹി സ്‌നാൻ’ ചടങ്ങിനായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ മുതൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ത്രിവേണി സംഗമത്തിലെ പവിത്ര സ്നാനത്തിൽ പങ്കെടുത്തു.

ചടങ്ങുകളോടനുബന്ധിച്ച് ക‌ർശന സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രയാഗ് രാജിലും സമീപ പ്രദേശങ്ങളിലും മുപ്പതിനായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. എൻഡിആർഎഫും കേന്ദ്ര സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് എ.ഐ ക്യാമറകളും വെള്ളത്തിനടിയിൽ പരിശോധന നടത്താൻ ഡ്രോണുകളുമുൾപ്പടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അടുത്ത ഒന്നര മാസത്തിനുള്ളിൽ ഏകദേശം 35 കോടി ആളുകളുടെ പങ്കാളിത്തമാണ്ണ് മഹാ കുംഭമേളയില്‍ പ്രതീക്ഷിക്കപ്പെടുന്നത്. 12 വർഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പൂർണ കുംഭമേളയാണ് ഇക്കുറി മഹാ കുംഭമേളയായി ആഘോഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button