ദേശീയപാത 8ൽ നിർമ്മാണ ജോലികൾ, ബിൽ ബോർഡിൽ നിന്ന് വെൽഡിംഗ്; വാഹനങ്ങൾക്ക് മുകളിലേക്ക് തീപ്പൊരി, സംഭവം ഗുരുഗ്രാമിൽ
ഗുരുഗ്രാം: ദേശീയപാതയിൽ അപകടകരമായ രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്ത് ജോലിക്കാർ. ഗുരുഗ്രാമിലെ ദേശീയപാത 8ലാണ് ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. റോഡിന് മുകളിലൂടെ പോകുന്ന ബിൽ ബോർഡിൽ വെൽഡിംഗ് ജോലികൾ നടന്നിരുന്നു. വെൽഡിംഗ് സമയത്തുണ്ടാകുന്ന തീപ്പൊരികൾ ഭയാനകമായ രീതിയിൽ വാഹനങ്ങളുടെ മുകളിലേയ്ക്ക് വീഴുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ദേശീയ പാത 8ൽ അശ്രദ്ധമായാണ് ജോലിക്കാർ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത്. കാറുകളും ബസുകളും ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ കടന്നുപോകുന്നതിനിടെയാണ് വലിയ രീതിയിൽ തീപ്പൊരികൾ റോഡിലേയ്ക്ക് വീണത്. ചില വാഹനങ്ങൾക്ക് മുകളിലേയ്ക്ക് തീപ്പൊരി വീഴുകയും മറ്റ് ചില വാഹനങ്ങൾ ഇത് കണ്ട് നിർത്തുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം.
അശ്രദ്ധമായ നിർമ്മാണ ജോലിയ്ക്ക് എതിരെ നിരവധിയാളുകളാണ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണമോ അഗ്നി സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെയാണ് അപകടകരമായ രീതിയിൽ രണ്ട് പേർ ജോലി ചെയ്യുന്നതെന്ന് ചില ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. ഒരു ദുരന്തത്തിന് ആവശ്യമായ എല്ലാ ചേരുവകളും ഇതിൽ അടങ്ങിയിട്ടുണ്ടെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ പരിഹാസം കലർന്ന വിമർശനം. ക്രിമിനൽ ലെവൽ അശ്രദ്ധ എന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പ് നിർദ്ദേശിച്ചവരും ഇക്കൂട്ടത്തിലുണ്ട്.