‘ചരട് വലിച്ചത് കമ്മ്യൂണിസ്റ്റ് സാഡിസം’: യു പ്രതിഭ എംഎൽഎയെ പിന്തുണച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ
ആലപ്പുഴ: യു പ്രതിഭ എംഎൽഎക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ ബി ഗോപാലകൃഷ്ണൻ. പ്രതിഭയ്ക്ക് എതിരായ സൈബർ ആക്രമണം ജുഗുപ്സാവഹമെന്ന് ഗോപാലകൃഷ്ണൻ പ്രതികരിച്ചു. വളഞ്ഞിട്ട് സൈബർ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാൻ ആവില്ല. ഇതിന്റെ പിന്നിൽ ചരട് വലിച്ചത് കമ്മ്യൂണിസ്റ്റ് സാഡിസമാണ്. സിപിഎം നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവ് കേസിൽ അവരുടെ മകനെ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ഗോപാലകൃഷ്ണൻ ഫേസ് ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
“അഡ്വ പ്രതിഭ എംഎൽഎയെ വളഞ്ഞിട്ട് സൈബർ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാൻ ആവില്ല. ഇതിന്റെ പിന്നിൽ ചരട് വലിച്ച കമ്മ്യൂണിസ്റ്റ് സാഡിസം അനീതിയും അപലപനീയവുമാണ്. സിപിഎം നേതൃത്വത്തിന്റെ അറിവോടെ കഞ്ചാവ് കേസിൽ അവരുടെ മകനെ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അവർ ഒരു എംഎൽഎ മാത്രമല്ല. ഒരു സ്ത്രീയാണ്, അമ്മയാണ്. എന്തിന്‍റെ പേരിൽ ആണെങ്കിലും ഇമ്മാതിരി വളഞ്ഞിട്ട് ആക്രമിക്കുന്നത് ജുഗുപ്സാവഹമാണ്”.
എഫ്ഐആറിൽ പറയുന്നത്…
യു പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെതിരായ കഞ്ചാവ് കേസിലെ എഫ്ഐആറിന്‍റെ പകർപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കനിവ് ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുത്തത് കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്ന് എഫ്ഐആറിൽ പറയുന്നു. കേസിൽ ഒൻപതാം പ്രതിയാണ് കനിവ്. സംഘത്തിൽ നിന്ന് പിടിച്ചെടുത്തത് 3 ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പച്ച പപ്പായ തണ്ട് എന്നിവയാണ്. മകനെതിരെ ഉള്ളത് വ്യാജ വാർത്തയാണെന്ന വിശദീകരണവുമായി ഫേസ് ബുക്ക് ലൈവിലൂടെ യൂ പ്രതിഭ എംഎൽഎ രംഗത്ത് എത്തിയിരുന്നു. മാധ്യമങ്ങൾ കള്ളവാർത്ത നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എംഎൽഎ യുടെ വാദം. അതിനിടെയാണ് എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത് വന്നത്.