Uncategorized
വീട് വാടകയ്ക്കെടുത്തത് ഒരു മാസം മുൻപ്, ചാക്കിലാക്കി സൂക്ഷിച്ച 19 കിലോ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ
തിരുവനന്തപുരം: വീട്ടിൽ 19 കിലോ കഞ്ചാവ് സൂക്ഷിച്ചു വച്ച ദമ്പതികളെ മലയിൻകീഴ് പൊലീസ് പിടികൂടി. തൈക്കാട് ജഗതിയിൽ വിജി എന്ന് വിളിക്കുന്ന വിജയകാന്ത് (29), ഭാര്യ സുമ (28) എന്നിവരാണ് പിടിയിലായത്. വാടകയ്ക്ക് താമസിച്ചുവന്നിരുന്ന വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. മലയിൻകീഴ് സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ വീട്. പ്രതികൾ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. ഈ വീട്ടിലേക്ക് ധാരാളം പേർ വന്നു പോകുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.
കഞ്ചാവ് കിടപ്പു മുറിയിൽ ചാക്കിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ഒരു മാസം മുൻപാണ് ഇവർ വീട് വാടകയ്ക്കെടുത്തതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.