പെരിയ കേസ്: അപ്പീൽ പോകുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി; നിരപരാധികൾ കുറ്റക്കാരായെന്ന് എൽഡിഎഫ് കൺവീനർ
കാസർകോട്/കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ നിരപരാധികളെ കുറ്റക്കാരെന്ന് കോടതി വിധിച്ചതായി എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കേസിൽ കാസർകോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം കുറ്റക്കാരനായ സാഹചര്യത്തിൽ അപ്പീൽ ഹർജിയുമായി മേൽക്കോടതിയെ സമീപിക്കുമെന്ന് സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും പ്രതികരിച്ചു. സിബിഐയുടേത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം വിമർശിച്ചു.
പാർട്ടി നേതാക്കൾക്ക് വേണ്ടി മേൽക്കോടതിയിൽ പോകുമെന്നാണ് ബാലകൃഷ്ണൻ പ്രതികരിച്ചത്. മുൻ എംഎൽഎ കുഞ്ഞിരാമൻ, ഏരിയാ സെക്രട്ടറി മണികണ്ഠൻ, പ്രാദേശിക നേതാക്കളയ രാഘവൻ വെളുത്തോളി, ഭാസ്കരൻ വെളുത്തോളി, കെ മണികണ്ഠൻ എന്നിവർക്കെതിരെ പൊലീസ് കസ്റ്റഡിയിൽ നിന്ന് രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തിയെന്ന കുറ്റമാണ് തെളിഞ്ഞത്. ഒന്നാം പ്രതി സിപിഎം പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെതിരെ കൊലക്കുറ്റവും ഗൂഢാലോചനയുമടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു. കേസിൽ സിബിഐ പ്രതികളാക്കിയ 10 പേരെ വെറുതെ വിട്ട കോടതി, കുറ്റക്കാരായ 14 പേർക്കെതിരെ ശിക്ഷാ വിധി ജനുവരി മൂന്നിന് പുറപ്പെടുവിക്കും.