സുരേഷ് ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്, ഇനി ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’; ‘ഒറ്റക്കൊമ്പന്‍’ തുടങ്ങി
സുരേഷ് ഗോപി വീണ്ടും മാസ് പരിവേഷത്തില്‍ എത്തുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ഇന്ന് തിരുവനന്തപുരം സെൻട്രൽ ജയില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരും അണിയറക്കാരും പങ്കെടുത്ത ചടങ്ങിൽ
പ്രശസ്ത നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടർന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റ് സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു.
പ്രമുഖ നടൻ ബിജു പപ്പൻ സ്വിച്ചോൺ കർമ്മവും തിരക്കഥാകൃത്ത് ഡോ. കെ. അമ്പാടി ഐഎഎസ് ഫസ്റ്റ് ക്ലാപ്പും നൽകി. മാർട്ടിൻ മുരുകൻ, ജിബിൻ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകർക്കൊപ്പം പ്രധാന സഹായിയായി പ്രവർത്തിച്ചു കൊണ്ടാണ് മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെ സ്വതന്ത്ര സംവിധായകനാകു
ന്നത്. കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പൻ. ചോരത്തിളപ്പിനോടൊപ്പം കാലികമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കാലഘട്ടത്തിനനുയോജ്യമായ രീതിയിലാണ് കറുവച്ചൻ്റ ജീവിത യാത്ര. ഈ യാത്രയ്ക്കിടയിൽ സംഘർഷങ്ങളും പ്രതിസന്ധികളും ഏറെ. അതിനെയെല്ലാം ചോരത്തിളപ്പിൻ്റെ പിൻബലത്തിലൂടെ നേരിടുമ്പോൾത്തന്നെ ബന്ധങ്ങൾക്കും കുടുംബത്തിനുമൊക്കെ പ്രാധാന്യം കൽപ്പിക്കുന്ന കുടുംബനാഥൻ കൂടിയാവുകയാണ് കടുവാക്കുന്നേൽ കുറുവച്ചൻ. ക്ലീൻ ഫാമിലി ഇമോഷണല്‍ ത്രില്ലർ ഡ്രാമയെന്ന് ഈ ചിത്രത്തെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാമെന്ന് അണിയറക്കാര്‍ പറയുന്നു.
സുരേഷ് ഗോപി എന്ന നടനിലൂടെ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കി ക്ലീൻ എൻ്റർടെയ്‍നറായി ആവും ചിത്രത്തിൻ്റെ അവതരണം. വലിയ മുതൽമുടക്കിൽ വിശാലമായ കാന്‍വാസില്‍ വലിയ താരനിരയുടെ അകമ്പടിയോടെ വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് എന്നിവരും മറ്റ് നിരവധി പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
എഴുപതിൽപ്പരം അഭിനേതാക്കൾ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഷിബിൻ ഫ്രാൻസിസിൻ്റേതാണു രചന. ഗാനങ്ങൾ വയലാർ ശരത്ചന്ദ്ര വർമ്മ, സംഗീതം ഹർഷവർദ്ധൻ രമേശ്വർ, ഛായാഗ്രഹണം ഷാജികുമാർ,
എഡിറ്റിംഗ് വിവേക് ഹർഷൻ, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ അനീഷ് തൊടുപുഴ, ക്രിയേറ്റീവ് ഡയറക്ടർ സുധീർ മാഡിസൺ, കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് കെ ജെ വിനയൻ, ദീപക് നാരായൺ, പ്രൊഡക്ഷൻ മാനേജർ പ്രഭാകരൻ കാസർഗോഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് നന്ദു പൊതുവാൾ, ബാബുരാജ് മനിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ, കോ പ്രൊഡ്യൂസേർസ് ബൈജു ഗോപാലൻ, വി സി പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ്ങ് എന്നിവിടങ്ങളിലായിട്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നത്. പിആര്‍ഒ വാഴൂർ ജോസ്. ഫോട്ടോ റോഷൻ.