17 കാരിയുമായി ശരൺ കടന്നത് പത്തനംതിട്ടയിലെ കാട്ടിലേക്ക്, പായ വിരിച്ച് താവളം, പീഡനം; പൊലീസ് പിടികൂടിയത് ഇങ്ങനെ
അടൂർ: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെണ്മണി സ്വദേശി ശരണ്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ ശരൺ തട്ടിക്കൊണ്ടുപോയി കൊടുംകാടിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പന്തളം സ്വദേശിനിയായ പതിനേഴുകാരി ഈ മാസം 19 ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം പ്രതി എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഫോൺ ലൊക്കേഷൻ പിന്തുടർന്ന് പൊലീസ് അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചപ്പോൾ ഇയാൾ തിരിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഇത് മനസിലാക്കിയ അന്വേഷണ സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും, പൊലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി വെൺമണിയിലെ സ്കൂളിന്റെ സമീപമുള്ള കൊടുംകാട്ടിൽ കുട്ടിയുമായി ഒളിക്കുകയായിരുന്നു. പിന്നീട് പൊലീസിൻറെ ശ്രദ്ധ തിരിക്കാനായി സിസിടിവികളുള്ള റോഡിലൂടെ സഞ്ചരിച്ചിക്കുകയും തുടർന്ന് കാടു പടർന്നു നിൽക്കുന്ന വഴികളിലൂടെ തിരിച്ചെത്തുകയുമാണ് ചെയ്തത്.
പുല്ലും, കരിയിലയും, ബെഡ്ഷീറ്റുമെല്ലാം ഉപയോഗിച്ച് കാട്ടിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് കുട്ടിയെ താമസിപ്പിച്ചത്. സുഹൃത്തിന്‍റെ സഹായത്തോടെ ഭക്ഷണവും എത്തിച്ചിരുന്നു. ഒളിത്താവളം മാറുന്നതിനായി പണത്തിന് വേണ്ടി സുഹൃത്തിന്‍റെ വീട്ടിലേക്ക് ഒളിച്ചെത്തിയെങ്കിലും, പൊലീസ് എത്തിയതോടെ രക്ഷപെട്ടു. കാട്ടിൽ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയ പൊലീസ് കാട്ടിൽ നടത്തിയ തെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും കണ്ടെത്തിയത്.
ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യ പരിശോധനയിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. റിമാൻഡിലായ പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും സുഹൃത്തുക്കൾക്കൊപ്പം ചേർന്നുള്ള പ്രവർത്തനങ്ങളും വിശദമായി അന്വേഷിക്കുകയാണ് പന്തളം പൊലീസ്.