2-ാം വിവാഹം തേടുന്ന ‘പണച്ചാക്കുകൾ’ ലക്ഷ്യം, കുറച്ച് നാൾ ഒന്നിച്ച് താമസിക്കും; പണവുമായി മുങ്ങുന്ന യുവതി പിടിയിൽ
ജയ്പൂർ: മാട്രിമോണിയൽ ആപ്പിലൂടെ പരിചയപ്പെടുന്ന സമ്പന്നരെ വിവാഹം കഴിച്ച് അവരിൽ നിന്നും സ്വർണവും പണവും തട്ടി മുങ്ങുന്നത് പതിവാക്കിയ യുവതി അറസ്റ്റിൽ. വിവാഹം കഴിഞ്ഞ് നാല് മാസത്തോളം കൂടെ താമസിച്ച് കുടുംബത്തിലെ എല്ലാവരുടെയും വിശ്വാസം നേടിയ ശേഷമാണ് 36കാരി ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങളുമായി മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് മുൻപ് പരാതി നൽകിയവരെ ഗാർഹിക പീഡന കേസിൽ കുടുക്കി യുവതി ജയിലിലാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു സീമ അഗർവാൾ എന്ന ഡെറാഡൂണ്‍ സ്വദേശിനിയാണ് അറസ്റ്റിലായത്.
ജയ്പൂരിലെ പ്രശസ്തനായ ജ്വല്ലറി ഉടമയുടെ പരാതി പ്രകാരം രാജസ്ഥാൻ പൊലീസാണ് സീമ അഗർവാളിനെ അറസ്റ്റ് ചെയ്തത്. ഭർതൃവീട്ടുകാരുടെ വിശ്വാസം സമ്പാദിച്ച ശേഷം 30 ലക്ഷത്തിന്‍റെ സ്വർണവും 6.5 ലക്ഷം രൂപയുമെടുത്ത് കടന്നുകളഞ്ഞെന്നായിരുന്നു പരാതി. കഴിഞ്ഞ വർഷം ജൂലൈയിലാണ് ജ്വല്ലറി ഉടമ പരാതി നൽകിയത്. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ജയ്പൂർ പൊലീസ് യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അമിത് കുമാർ പറഞ്ഞു. നേരത്തെയും യുവതി ചില വ്യവസായികളെയും നല്ല ശമ്പളമുള്ള യുവാക്കളെയും പറ്റിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വിവാഹമോചിതരോ ഭാര്യ മരിച്ചു പോയതോ ആയ സമ്പന്നരായ ബിസിനസുകാരെയും പ്രൊഫഷണലുകളെയുമാണ് യുവതി മാട്രിമോണിയൽ ആപ്പുകളിലൂടെ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. ബന്ധം സ്ഥാപിക്കും മുൻപ് വരന്‍റെ സാമ്പത്തികശേഷിയെ കുറിച്ച് വിശദമായി അന്വേഷിക്കും. വിവാഹം കഴിഞ്ഞ് മൂന്നോ നാലോ മാസത്തിനുള്ളിൽ കുടുംബത്തിന്‍റെ വിശ്വാസം നേടിയ ശേഷം പണവും സ്വർണവുമായി കടന്നുകളയുകയാണ് യുവതിയുടെ രീതിയെന്ന് പൊലീസ് പറയുന്നു.
ജയ്പൂർ സ്വദേശിയായ ജ്വല്ലറി ഉടമ ഭാര്യയുടെ വിയോഗത്തെ തുടർന്ന് മാട്രിമോണിയൽ ആപ്പിലൂടെ പങ്കാളിയെ തേടുകയായിരുന്നു . കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു സീമയും ജ്വല്ലറി ഉടമയും തമ്മിലെ വിവാഹം. തുടർന്ന് നാല് മാസത്തിനുള്ളിൽ സ്വർണവും പണവുമായി മുങ്ങിയെന്നാണ് പരാതി. 2013ൽ ആഗ്ര സ്വദേശിയായ വ്യവസായിയുടെ മകനെ വിവാഹം കഴിച്ച് യുവതി 75 ലക്ഷവുമായി മുങ്ങിയെന്ന് പൊലീസ് പറയുന്നു. 2017ൽ സോഫ്റ്റ്‍വെയർ എഞ്ചിനീയറെ വിവാഹം ചെയ്ത ശേഷം ബന്ധുവിനെതിരെ ലൈംഗിക പീഡന പരാതി നൽകി യുവതി 10 ലക്ഷം തട്ടിയെന്നും പരാതിയുണ്ട്.