Uncategorized

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: 70 കാരന്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: ഭര്‍തൃമതിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി. കേസില്‍ പ്രതിയായ നെന്‍മണിക്കര ചിറ്റിലശേരി പട്ടത്തുപറമ്പില്‍ മോഹന്റെ (70) ജാമ്യാപേക്ഷയാണ് തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.വി. രജനീഷ് തള്ളിയത്. 2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

യുവതി താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി യുവതിയെയും കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തള്ളിയിട്ട് വസ്ത്രങ്ങള്‍ വലിച്ചുകീറുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച യുവതിയെ കഴുത്തില്‍ ഞെക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മുന്‍പ് പലപ്പോഴും യുവതിയെ ശല്യപ്പെടുത്തിയിരുന്നു. കൊല്ലുമെന്ന ഭീഷണി ഭയന്നും മറ്റുള്ളവരറിഞ്ഞാലുള്ള നാണക്കേടോര്‍ത്തും തന്റെ നേരെയുണ്ടായ ലൈംഗികാതിക്രമങ്ങള്‍ യുവതി പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ തുടര്‍ന്നും വൃദ്ധന്റെ ശല്യം സഹിക്കവയ്യാതായപ്പോഴാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പുതുക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു.

കേസിന്റെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതി ശ്രമിക്കാനിടയുണ്ടെന്നും ആയതിനാല്‍ മകളുടെ പ്രായമുള്ള യുവതിയോട് മോശമായി പെരുമാറിയ പ്രതി യാതൊരു കാരണവശാലും ജാമ്യമര്‍ഹിക്കുന്നില്ലെന്നും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോളി ജോസഫ് വാദിച്ചു. പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ബി.എ. ആളൂരിന്റെ വാദങ്ങള്‍ തള്ളിയാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോളി ജോസഫിന്റെ വാദങ്ങള്‍ പരിഗണിച്ച് കോടതി ജാമ്യാപേക്ഷ തള്ളി ഉത്തരവായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button