70% വൈദ്യുതി അധികവില കൊടുത്ത് വാങ്ങുന്നു, 2030ൽ കെഎസ്ഇബി 10000 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിക്കുമെന്ന് മന്ത്രി
പാലക്കാട്: 2030 ഓടെ കെഎസ്ഇബി 10,000 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കേരളത്തിൽ നിലവിൽ ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂവെന്നും ബാക്കി 70 ശതമാനം വൈദ്യുതി അധിക വില കൊടുത്ത് പുറത്ത് നിന്ന് വാങ്ങുകയാണെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.
വർദ്ധിച്ച് വരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ 2030 ഓടെ 10,000 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരികയാണെന്ന് മന്ത്രി പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളുന്നയിച്ചുള്ള എതിർപ്പ് മൂലം പല ജലവൈദ്യുത പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് മന്ത്രി പറഞ്ഞു. ജലവിഭവ ശേഷി വേണ്ട വിധം ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല. അതിനാൽ പീക് സമയത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്നുവെന്നും മന്ത്രി വിശദീകരിച്ചു.
പുതുതായി നിർമ്മിച്ച കൊപ്പം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി കെ കൃഷ്ണൻകുട്ടി. പ്രതികൂല സാഹചര്യത്തിലും വൈദ്യുതി ജീവനക്കാർ പ്രശംസനീയമായ പ്രവർത്തനം കാഴ്ച വെയ്ക്കുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.