രാത്രി 9 മണിയോടെ പശു കുളത്തിൽ ചാടി; വൻ സന്നാഹത്തിൽ രക്ഷ, പുലര്‍ച്ചെ വീണ്ടും ചാടി; വീണ്ടും രക്ഷകരായി ഫയര്‍ഫോഴ്സ
ചേർത്തല: ആഴമുള്ള കുളത്തിൽ രണ്ട് തവണ വീണ കറവ പശുവിനെ രണ്ട് തവണയും രക്ഷിച്ച് കരകയറ്റി അഗ്നിശമന സേന. വാരനാട് പാലംകുളങ്ങര ഷൈമയുടെ പശുവാണ് വാരനാട് സ്കൂളിന് പടിഞ്ഞാറു വശത്തെ വലിയ കുളത്തിൽ രണ്ട് തവണ അകപ്പെട്ടത്. കുളത്തിന്റെ കരകളിൽ, സമീപത്തെ ക്ഷീരകർഷകർ രാത്രിയിലും പശുക്കളെ കെട്ടാറുണ്ട്. ഷൈമയുടെ പശുവിനേയും വ്യാഴാഴ്ച രാത്രി ഇവിടെ കെട്ടിയിരുന്നു. രാത്രി ഒൻപതോടെ പശു കുളത്തിലേക്കിറങ്ങി. പശുവിന് തനിയെ കരക്ക് കയറാനായില്ല. ക്ഷീരകർഷകരും പരിസരവാസികളും ഏറെ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.
അവരെത്തി മുക്കാൽ മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് പശുവിനെ കരയ്ക്കെത്തിച്ചത്. തുടർന്ന് രാത്രി പശുവിനെ കുളത്തിന്റെ കരയിൽ നിന്ന് കുറച്ച് അപ്പുറത്തേക്ക് മാറ്റിക്കെട്ടി. എന്നാൽ വെള്ളിയാഴ്ച പുലർച്ചെയോടെ പശു വീണ്ടും കുളത്തിലേക്കിറങ്ങി. കെട്ടിയിരുന്ന കയർ അഴിഞ്ഞ നിലയിലായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു. പശുവിനെ കരയ്ക്ക് കയറ്റാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് രാവിലെ ഏഴോടെ വിവരം വീണ്ടും അഗ്നിശമന സേനയെ അറിയിച്ചു. അവർ എത്തി ഏറെ പണിപ്പെട്ട് വീണ്ടും പശുവിനെ കരയ്ക്ക് കയറ്റി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും നടന്ന രക്ഷാപ്രവർത്തനങ്ങൾക്ക് പ്രദേശവാസികളും മുന്നിട്ടിറങ്ങി.