Latest newsകേരള

പ്രിയപ്പെട്ടവരെ കണ്ടപ്പോൾ പലരും വിതുമ്പി, കെട്ടിപ്പിടിച്ച് സ്നേഹ പ്രകടനം; വൈകാരിക മുഹൂർത്തങ്ങളുമായി ചൂരൽമല

വയനാട്: വൈകാരിക മുഹൂർത്തങ്ങള്‍ക്ക് സാക്ഷിയായി ചൂരൽമലയിലെ പോളിംഗ് ബൂത്ത് ഇന്ന് കടന്നുപോയത്. ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വവും നഷ്ടമായവർ നാളുകൾക്ക് ശേഷമാണ് പോളിംഗ് ബൂത്തിൽ വെച്ച് കണ്ടുമുട്ടിയത്. ദുരിതബാധിതർക്കായി മൂന്ന് ബൂത്തുകൾ ആണ് പ്രത്യേകം സജ്ജീകരിച്ചത്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി, അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്ന മുബീന, ദുരന്ത രാത്രിയിൽ ജീവനടക്കിപ്പിടിച്ച് ഓടവേ ആനക്ക് മുന്നിൽ അകപ്പെട്ട സുജാത അങ്ങനെ ചൂരൽ മലയിലെയും മുണ്ടക്കയയിലെയും നിരവധി പേരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തിയത്. ശാരീരിക അവശതകൾക്കിടയിലും ജനാധിപത്യത്തിലെ ഒരു പൗരന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം ഒഴിവാക്കാതെ ഇവരെല്ലാം പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തു. ദീർഘനാളുകൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടപ്പോൾ പലരും വിതുമ്പി. തമ്മിൽ കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ചു. തെരഞ്ഞെടുപ്പ് ചുമതലകൾക്ക് എത്തിയവരെ പോലും ഒരുവേള നൊമ്പരപ്പെടുത്തിയ ദൃശ്യങ്ങളായിരുന്നു ചൂരൽ മലയിലെ പോളിംഗ് ബൂത്ത് ഇന്നുണ്ടായത്.

ഇനിയും പൂർത്തിയാകാത്ത പുനരധിവാസത്തെക്കുറിച്ചാണ് പലരും വോട്ട് ചെയ്തു മടങ്ങുമ്പോൾ പറഞ്ഞത്. അടുത്ത തെരഞ്ഞെടുപ്പിന് മുൻപെങ്കിലും ഒരു സ്ഥിരം പുനരധിവാസമായെങ്കിൽ എന്നവർ ആഗ്രഹം പ്രകടിപ്പിച്ചു. ചൂരൽ മലയിലെ സെൻസബാസ്റ്റ്യൻ പള്ളി ഓഡിറ്റോറിയത്തിൽ ആണ് അട്ടമല, ചൂരൽമല ബൂത്തുകൾ സജ്ജീകരിച്ചിരുന്നത്. മുണ്ടക്കയിലെ ബൂത്ത് മേപ്പാടി സ്കൂളിലും തയ്യാറാക്കി. വിവിധ ഇടങ്ങളിലെ താൽക്കാലിക പുനർധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർക്കായി പ്രത്യേക കെഎസ്ആർടിസി ബസ് സർവീസുകൾ ഏർപ്പെടുത്തിയിരുന്നു. പൂക്കൾ നൽകുകയാണ് ഉദ്യോഗസ്ഥർ ദുരന്തബാധിതരെ ബൂത്തിലേക്ക് വരവേറ്റത്. അതേസമയം, പല അവകാശവാദങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിൽ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ജനവിധി ആർക്കു അനുകൂലമെന്നതിൻ്റെ നെഞ്ചിടിപ്പിലാണ് മൂന്ന് മുന്നണികളും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button