Uncategorized

പത്തനംതിട്ട പീഡനം; 3 പേർ കൂടി കസ്റ്റഡിയിൽ, അറസ്റ്റിലായവരിൽ ഓട്ടോ ഡ്രൈവർമാർ മുതൽ പ്ലസ് ടു വിദ്യാര്‍ത്ഥി വരെ

പത്തനംതിട്ട: പത്തനംതിട്ട പീഡന കേസിൽ മൂന്ന് പേർ കൂടി കസ്റ്റഡിയിലായി. രാത്രി വൈകി പമ്പയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെൺകുട്ടിയുടെ മൊഴിയിൽ ഇന്നും കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. മൂന്നു പേരെ കൂടി പിടികൂടിയതോടെ പുതിയൊരു എഫ്ഐആർ കൂടി പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്തു.

ഇതോടെ ആകെ എഫ്ഐആറുകളുടെ എണ്ണം എട്ടായി. അഞ്ചു വർഷത്തിനിടെ 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി എന്നാണ് കായിക താരമായ പെണ്‍കുട്ടിയുടെ മൊഴി. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു.കേരളം ഞെട്ടിയ പീഡന കേസിലാണ് കൂടുതൽ എഫ്ഐആറുകളും അറസ്റ്റുകളും ഉണ്ടാകുന്നത്. പത്തനംതിട്ട, ഇലവുംതിട്ട പൊലീസ് സ്റ്റേഷനുകളിലായാണ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിടിയിലായവരിൽ മൂന്നുപേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യ കച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർത്ഥി എന്നിവരും അറസ്റ്റിൽ ആയവരിലുണ്ട്.

13 വയസ് മുതൽ ലൈംഗിക പീഡനത്തിനിരയായ എന്നായിരുന്നു പെൺകുട്ടി സി ഡബ്ല്യുസിക്ക് നൽകിയ മൊഴി. ഇതിൽ വിശദമായ അന്വേഷണം നടത്തിയ പൊലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു പേരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇന്നലെ അറസ്റ്റിലായവരിൽ സുബിൻ എന്ന യുവാവാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിക്കുന്നത്. തുടർന്ന് ഇയാൽ സുഹൃത്തുക്കൾക്ക് പെൺകുട്ടിയെ കാഴ്ചവെച്ചു എന്ന് പൊലീസ് പറയുന്നു.

പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങളും പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു തുടർപീഡനം. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ വകുപ്പ് കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഢന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്. ജില്ലയിലെ ഒറ്റപ്പെട്ട സ്ഥലങ്ങൾ എത്തിച്ചാണ് പ്രതികളിൽ പലരും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്.

കായികതാരമായ പെൺകുട്ടിയെ പരിശീലകർ പോലും ചൂഷണത്തിനിരയാക്കിയന്നും പൊലീസ് പറയുന്നുണ്ട്.. സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്ത പെൺകുട്ടി അച്ഛന്‍റെ മൊബൈൽ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണിൽ നിന്നും ഡയറി കുറുപ്പുകളിൽ നിന്നും ആണ് പ്രതികളുടെ കൂടുതൽ വിവരങ്ങൾ പൊലീസിന് കിട്ടിയത്.
ശാസ്ത്രീയമായ തെളിവ് ശേഖരണത്തിനു ശേഷം നാളെയും കൂടുതൽ അറസ്റ്റ് ഉണ്ടാകും. കൂട്ട ബലാത്സംഗ കേസിൽ ദേശീയ വനിതാ കമ്മീഷൻ ഡിജിപിയോട് അടിയന്തര റിപ്പോർട്ട് തേടി. സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button