Uncategorized

ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ ഫലപ്രഖ്യാപനം; മുല്യനിർണയ രീതി പ്രസിദ്ധീകരിച്ചു

ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലപ്രഖ്യാപനത്തിനായി പ്രത്യേക മൂല്യനിര്‍ണയ രീതി പ്രസിദ്ധീകരിച്ചു. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തിലാണ് മൂല്യനിര്‍ണയത്തിന് പുതിയ മാനദണ്ഡങ്ങള്‍ സിബിഎസ്ഇ നിശ്ചയിച്ചിരിക്കുന്നത്.

സിബിഎസ്ഇ പരീക്ഷാ ബോര്‍ഡ് കണ്‍ട്രോളര്‍ ഡോ. സംയംഭരദ്വാജ് ആണ് ഫലപ്രഖ്യാപനത്തിനായി പുതിയ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. പുതിയ സര്‍ക്കുലര്‍ പ്രകാരം ഫെബ്രുവരി 17 മുതല്‍ 28 വരെ നടന്ന പരീക്ഷകളുടെ മാര്‍ക്കായിരിക്കും പ്രധാനമായും മൂല്യനിര്‍ണയത്തിനായി പരിഗണിക്കുക. എല്ലാ പരീക്ഷകളും എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രകടനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കും. പരീക്ഷകള്‍ ഭാഗികമായി മാത്രം എഴുതിയവര്‍ക്കായി പ്രത്യേക ശരാശരി രീതിയാണ് ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്.

നാല് വിഷയങ്ങള്‍ എഴുതിയവര്‍ക്ക് അതില്‍ മികച്ച മൂന്ന് വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് കണക്കാക്കി ഫലം തയ്യാറാക്കും. മൂന്ന് വിഷയങ്ങള്‍ മാത്രം പൂര്‍ത്തിയാക്കിയവര്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് വിഷയങ്ങളുടെ ശരാശരി മാര്‍ക്ക് ആയിരിക്കും പരിഗണിക്കുക. രണ്ടെണ്ണമോ ഒരു പരീക്ഷയോ എഴുതിയയവര്‍ക്ക് ലഭ്യമായ മാര്‍ക്കും ഇന്റേണല്‍ അസസ്മെന്റും ഫലപ്രഖ്യാപനത്തിന് മാനദണ്ഡമാക്കും. സ്‌കൂളുകള്‍ നല്‍കിയ ഇന്റേണല്‍ അസസ്മെന്റ് മാര്‍ക്കുകള്‍ ബോര്‍ഡ് നേരിട്ട് സ്വീകരിക്കും.

ഇന്ത്യയിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഗള്‍ഫ് മേഖലയിലെയും ഫലം ഒരേസമയം പ്രസിദ്ധീകരിക്കാനാണ് തീരുമാനം. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൂല്യനിര്‍ണ്ണയ രീതി പിന്നീട് അറിയിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഗള്‍ഫ് മേഖലയിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ സിബിഎസ്ഇ റദ്ദാക്കിയത്. വിദ്യാലയങ്ങളില്‍ നിന്നും അധികൃതരില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷകള്‍ റദാക്കാനുള്ള തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button