Uncategorized

ഭരണം കിട്ടിയപ്പോൾ മലക്കം മറിഞ്ഞ് ബിജെപി, മാലിന്യനീക്കത്തിൽ ക്ലീൻ കേരളയെ ഒഴിവാക്കി; റോഡരികിൽ വേസ്റ്റ്, തിരുവനന്തപുരത്ത് മാലിന്യനീക്കം പ്രതിസന്ധിയിൽ

തിരുവനന്തപുരം: കോർപറേഷൻ പരിധിയിലെ അജൈവ മാലിന്യം നീക്കത്തിനായി കമ്പനികളെ കണ്ടെത്താൻ കഴിതായതോടെ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിൽ. നിലവിൽ ക്ലീൻ കേരള കമ്പനിയും സ്വകാര്യ ഏജൻസിയും ചേർന്നാണ് വാർഡുകളിലെ മാലിന്യം നീക്കുന്നത്. കരാർ കാലാവധി കഴിഞ്ഞതോടെ പുതിയ ഏജൻസികളെ കണ്ടെത്താനുള്ള ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാൽ സ്വകാര്യ കമ്പനിക്ക് കരാർ നീട്ടിയും ക്ലീൻകേരളയെ ഒഴിവാക്കിയുമാണ് നടപടികൾ മുന്നോട്ട് പോകുന്നത്. ഇതോടെ നഗരത്തിന്‍റെ പലഭാഗത്തും മാലിന്യക്കൂമ്പാരം രൂപപ്പെട്ടിരിക്കുകയാണ്.

ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികൾക്ക് ഉൾക്കൊള്ളാവുന്നതിലും അധികമായതോടെ റോഡ് വക്കിലേക്ക് മാറി. സ്വകാര്യ കമ്പനിയുടെ മാലിന്യശേഖരണത്തിലെ വീഴ്ചയാണിതിന് കാരണമെന്നാണ് ആക്ഷേപം. അതിനിടെ മാലിന്യ നീക്കത്തിനുള്ള സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പനിയെ തഴഞ്ഞതും പ്രതിഷേധത്തിലെത്തിയിട്ടുണ്ട്. ഇതുവരെ 62 വാർഡുകളിൽ നിന്ന് മാലിന്യം നീക്കിയിരുന്ന ക്ലീൻ കേരള കമ്പനിയിൽ നിന്ന് 12 വാർഡുകൾ ഒഴിവാക്കി അതും സ്വകാര്യ കമ്പനിക്കാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ 12 വാർഡുകൾ ക്ലീൻ കേരള കമ്പനിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതോടെ ഈ രംഗത്തെ കുത്തക ഇനിമുതൽ സ്വകാര്യ കമ്പനിക്കാകുമെന്നാണ് ആക്ഷേപം.

നേരത്തെയും കൂടുതൽ വാർഡുകളിൽ നിന്ന് മാലിന്യം നീക്കിയിരുന്നതു സ്വകാര്യ ഏജൻസിയായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി അംഗങ്ങളുടെ നിരന്തര ആവശ്യ പ്രകാരമാണ് ക്ലീൻ കേരള കമ്പനിക്ക് കൂടുതൽ വാർഡുകൾ അനുവദിച്ചത്. എന്നാൽ ബിജെപി ഭരണത്തിലെത്തിയതോടെ ഇവ തിരികെ സ്വകാര്യ കമ്പനിക്ക് നൽകുകയാണെന്നാണ് ആക്ഷേപം. സ്വകാര്യ ഏജൻസിയുടെ കരാർ കാലാവധി കഴിഞ്ഞ ഡിസംബറിൽ അവസാനിച്ചെങ്കിലും 3 മാസ ത്തേക്കു കൂടി നീട്ടി നൽകിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ 54 പഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിൽ നിന്നും മാലിന്യശേഖരണം നടത്തിയിരുന്ന തങ്ങളെ ഒഴിവാക്കിയതിന് കാരണമെന്തെന്ന് അറിയില്ലെന്ന് ക്ലീൻ കേരള അധികൃതർ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.1200 ടൺ മാലിന്യമാണ് മാസം ജില്ലയിൽ നിന്നും ശേഖരിച്ച് സംസ്കരിക്കുന്നത്.ഇതിൽ പരാതികളൊന്നും ഉണ്ടായിട്ടില്ല. പുതിയ ഭരണസമിതിയെത്തിയതിന് ശേഷമാണ് മാറ്റമുണ്ടായതെന്നും 101 വാർഡുകളിലെ 50 വാർഡ് മാത്രമാണ് നിലവിൽ കമ്പനിക്കുള്ളതെന്നും ഭൂരിഭാഗവും സ്വകാര്യമേഖലയിലേക്ക് മാറിയെന്നും അധികൃതർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button