ഇനി കൊച്ചിയിൽ സർവ്വം ദീപ്തം’; തർക്കം തീരാതെ കോൺഗ്രസ്, ദീപ്തി മേരി വർഗ്ഗീസിനായി പോസ്റ്റർ

കൊച്ചി സീറ്റിൽ കോൺഗ്രസിൽ പോസ്റ്റർ പോര്. പോസ്റ്റർ പ്രിൻ്റ് ചെയ്ത് ദീപ്തി മേരി വർഗ്ഗീസിന്റെ അനുയായികളും. “ഇനി കൊച്ചിയിയിൽ സർവ്വം ദീപ്തം”എന്ന പേരിലാണ് പോസ്റ്റർ. കൊച്ചി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എന്ന് പോസ്റ്ററിൽ പറയുന്നു. വൈപ്പിൻ, പെരുമ്പാവൂർ, കൊച്ചി മണ്ഡലങ്ങളിലാണ് തർക്കം തുടരുന്നത്.
പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്കു പകരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന മനോജ് മൂത്തേടനും ഉല്ലാസ് തോമസുമാണ് പരിഗണനയിൽ. കൊച്ചിയിൽ ദീപ്തി മേരി വർഗീസിനേയും ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനേയും പരിഗണിക്കുന്നു. കേരള കോൺഗ്രസ് ജോസഫിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയായില്ല. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി എന്നിവരുടെ പേരായിരുന്നു പരിഗണനയിൽ. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് സീറ്റിനായി അവകാശവാദം ഉന്നയിച്ചതാണ് പ്രതിസന്ധിയായത്.
അതേസമയം കണ്ണൂരിലും പ്രതിസന്ധി തുടരുകയാണ്. മത്സരിക്കാൻ ഉറച്ച് നാമനിർദേശ പത്രിക നൽകാൻ കെ സുധാകരൻ നീക്കം തുടങ്ങി. നാമനിർദേശപത്രിക നൽകാൻ ആവശ്യമായ ബാധ്യതയില്ലാ സാക്ഷ്യപത്രം ഇന്ന് കേരളാ ഹൗസിൽ നിന്ന് വാങ്ങും. കേരള ഹൗസിൽ എത്തി പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ നടപടി പൂർത്തിയാക്കി മടങ്ങി.




