തൊടുപുഴയില്‍ തലമുറ മാറ്റം; പി ജെ ജോസഫ് മത്സരിക്കില്ല, പകരം മകന് അപു ജോസഫ്

ഇടുക്കി: തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് ചെയര്മാന് പി ജെ ജോസഫ് മത്സരത്തിനില്ല. പകരം മകന് അപു ജോസഫ് മത്സരിക്കും. നിലവില്‍ കേരള കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് കോര്‍ഡിനേറ്ററാണ് അപു. അര നൂറ്റാണ്ടിലധികമായി പി ജെ ജോസഫ് മത്സരിച്ച മണ്ഡലമാണ് തൊടുപുഴ.
1970 മുതല്‍ പത്ത് തവണ തൊടുപുഴ മണ്ഡലത്തില്‍ നിന്ന് പി ജെ ജോസഫാണ് മത്സരിച്ചത്. പി ജെ ജോസഫ് മത്സരിക്കുന്നില്ലെങ്കില്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു.
കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും.
ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.




