നെയ്യാറ്റിൻകര സമാധി വിവാദത്തിൽ അടിമുടി ദുരൂഹത; അർദ്ധരാത്രി ആഭിചാരകർമ്മങ്ങൾ ചെയ്യുമെന്ന് അയൽവാസി, കേസെടുത്തു
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്ത സംഭവത്തിൽ അടിമുടു ദൂരഹത. സംഭവത്തിൽ മരിച്ചെന്ന് പറയപ്പെടുന്ന നെയ്യാറ്റിൻകര സ്വദേശി ഗോപൻ സ്വാമി എന്ന് വിളിക്കുന്ന ഗോപനെ (78) കാണാതായതിന് പൊലീസ് കേസെടുത്തു. വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന കല്ലറ പൊളിച്ച് പൊലീസ് പരിശോധിക്കും. കല്ലറയിൽ മൃതദേഹം കണ്ടെത്തിയാൽ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ആര്‍ഡിഒയുടെ സാന്നിധ്യത്തിലായിരിക്കും മകൻ അച്ഛന്‍റെ സ്മാരകം എന്ന് പറയുന്ന സ്ഥലം പൊളിക്കുക. വിഷയത്തിൽ പൊലീസ് കളക്ടർക്ക് റിപ്പോർട്ട് നൽകി. കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര സ്വദേശി ഗോപൻ സമാധിയായെന്ന് മക്കൾ ബോർഡ് സ്ഥാപിച്ചത്. രണ്ട് ആൺ മക്കൾ ചേർന്ന് മൃതദേഹം അടക്കം ചെയ്ത് സ്മാരകം വെയ്ക്കുയായിരുന്നു. സന്യാസിയായ അച്ഛൻ സമാധിയായെന്നാണ് മക്കൾ പറയുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് പൊലീസ് ഗോപനെ കാണാതായതിന് കേസെടുത്തത്. അതേസമയം, സംഭവത്തിൽ ദുരൂഹത ആരോപിച്ച് അയൽക്കാരും നാട്ടുകാരും രംഗത്തെത്തി.
മരിച്ച ഗോപൻ കിടപ്പു രോഗിയായിരുന്നുവെന്ന് അയൽവാസി കോമള കുമാരി പറഞ്ഞു. കിടക്കയിൽ മൂത്രമൊഴിക്കുന്നതിന് മകൻ രാജസേനൻ ഗോപനെ വഴക്കുപറയുമായിരുന്നു. അര്‍ത്ഥരാത്രിയിൽ ആഭിചാരകര്‍മ്മങ്ങള്‍ ചെയ്യുമായിരുന്നു. രാത്രിയിലാണ് ക്ഷേത്രത്തിൽ വിളക്ക് കത്തിക്കാറുള്ളത്. വീടിന് സമീപത്തമാണ് ക്ഷേത്രം. നേരത്തെ മോഷണ കേസിൽ ഗോപന്‍റെ മകൻ രാജസേനനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കോമള കുമാരി പറയുന്നുണ്ട്. പാതിരാത്രിയാണ് ആ ക്ഷേത്രത്തിൽ വിളക്ക് കത്തിക്കുന്നതെന്നും നാട്ടുകാരെ അങ്ങോട്ട് കയറ്റാറില്ലെന്നും ഇവിടെ ജീവിക്കാൻ പേടിയുണ്ടെന്നും നാട്ടുകാര്‍ അറിയിച്ചു. നെയ്യാറ്റിൻകരയിലെ സമാധിയിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.