Uncategorized

നിർണായക നീക്കവുമായി ജി സുധാകരന്‍; സമുദായങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ തിരക്കിട്ട നീക്കം, വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടുന്നതിന് വേണ്ടിയാണ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനെ നേരിട്ടെത്തി കണ്ടത്. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജി സുധാകരൻ പെരുന്നയിലും പോകും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തും.

സിപിഎമ്മിനോട് പിണങ്ങി അമ്പലപ്പുഴയിൽ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങുകയാണ് യുഡിഎഫ്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് അമ്പലപ്പുഴ. ഇന്ന് കോൺഗ്രസ്‌ നേതാക്കൾ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് യോഗം ചേരുന്നുണ്ടെന്നും ജി സുധാകരൻ മത്സരിച്ചാൽ വിജയ സാധ്യത ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളൊക്കെ യോഗത്തിലാണ് ചർച്ച ചെയുകയെന്നുമാണ് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സുധാകരൻ നേരത്തേ പ്രതികരിച്ചിരുന്നത്. പിന്തുണ പ്രഖ്യാപിച്ചാൽ അതിന്റെ സ്വഭാവം നോക്കി പിന്നീട് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു. അമ്പലപ്പുഴയിൽ എച്ച് സലാമാണ് സിപിഎം സ്ഥാനാർത്ഥി. അവഗണന മടുത്താണ് സുധാകരൻ സിപിഎം വിട്ടത്. അതേസമയം, അമ്പലപ്പുഴയിൽ സുധാകരനെതിരെ വ്യാപക വിമർശനമാണ് സിപിഎം അഴിച്ചുവിടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button