Uncategorized

ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 2,000 ജീവനുള്ള പൂന്തോട്ട റാണി ഉറുമ്പുകളെ, ചൈനക്കാരൻ അറസ്റ്റിൽ, പിന്നിൽ ഗൂഢസംഘം

കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലെ ജോമോ കെനിയാട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ജെകെഐഎ) നിന്ന് 2,000-ത്തിലധികം റാണി ഉറുമ്പുകളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ചതിന് ഒരു ചൈനീസ് പൗരനെ അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിൽ നടന്ന സുരക്ഷാ പരിശോധനയ്ക്കിടെ ചൈനീസ് പൗരനായ ഷാങ് കെക്വന്‍റെ ബാഗേജിൽ നിന്ന് ചൈനയിലേക്ക് കടത്താൻ ശ്രമിച്ച 2,000 -ത്തോളം ജീവനുള്ള ഉറുമ്പുകളെ കണ്ടെത്തുകയായിരുന്നു. അന്താരാഷ്ട്ര ജൈവ വൈവിധ്യ ഉടമ്പടി പ്രകാരം ഉറുമ്പുകൾ സംരക്ഷണ വിഭാഗത്തിൽപ്പെടുന്നു. അതിനാൽ ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്കുള്ള അവയുടെ വ്യാപാരം കുറ്റകരമാണ്.

പൂന്തോട്ട ഉറുമ്പുകൾ

കെനിയ വൈൽഡ് ലൈഫ് സർവീസ് (Kenya Wildlife Service) യൂറോപ്പിലും ഏഷ്യയിലും മെസ്സോർ സെഫാലോട്ടുകൾ എന്നറിയപ്പെടുന്ന പൂന്തോട്ട ഉറുമ്പുകളുടെ ആവശ്യകത വർദ്ധിച്ചുവരുന്നതിനെക്കുറിച്ച് കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ഉറുമ്പുകളെ ശേഖരിക്കുന്നവർ അവയെ വളർത്തുമൃഗങ്ങളായി വളർത്തുന്നുവെന്ന റിപ്പോര്‍ട്ടുകൾ വന്നതിന് പിന്നാലെയായിരുന്നു മുന്നറിയിപ്പ്. ഇതിന് പിന്നാലെ കഴിഞ്ഞ വർഷം കെനിയയിൽ വച്ച് ഒരു ഉറുമ്പ് കടത്ത് ശൃംഖലയെ അറസ്റ്റി ചെയ്തിരുന്നു. ഈ സംഘവുമായി ഷാങ് കെക്വന് ബന്ധമുണ്ടെന്ന് അന്വേഷകർ കോടതിയെ അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്

കടത്താൻ ശ്രമിച്ച ഉറുമ്പുകൾ ഭീമൻ ആഫ്രിക്കൻ കൊയ്ത്തു യന്ത്ര ഉറുമ്പുകളായിരുന്നു ( Giant African harvester ants). അവ പാരിസ്ഥിതികമായി ഏറെ പ്രധാനപ്പെട്ടതാണെന്ന് കെഡബ്ല്യുഎസ് പറഞ്ഞു, ആവാസവ്യവസ്ഥയിൽ നിന്ന് അവയെ നീക്കം ചെയ്യുന്നത് മണ്ണിന്‍റെ ആരോഗ്യത്തെയും ജൈവവൈവിധ്യത്തെയും തകർക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. യൂറോപ്പിലെയും ഏഷ്യയിലെയും വിദേശ വളർത്തുമൃഗ വിപണികളും സമ്പന്ന ഭവനങ്ങളുമാണ് ഇത്തരം കടത്തു സംഘങ്ങളുടെ ലക്ഷ്യങ്ങൾ.

2000 -ത്തോളം ഉറുമ്പുകൾ

ഷാങ് കെക്വന്‍റെ ബാഗേജിൽ ചില ഉറുമ്പുകളെ ടെസ്റ്റ് ട്യൂബുകളും മറ്റു ചിലതിനെ ടിഷ്യു പേപ്പർ റോളുകളിലും ഒളിപ്പിച്ച് കടത്തുകയായിരുന്നെന്നും സ്റ്റേറ്റ് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. സ്വകാര്യ ലഗേജിൽ നിന്ന് പ്രത്യേക ടെസ്റ്റ് ട്യൂബുകളിൽ പായ്ക്ക് ചെയ്ത നിലയിൽ 1,948 പൂന്തോട്ട ഉറുമ്പുകൾ കണ്ടെത്തി ഒപ്പം മൂന്ന് ടിഷ്യു പേപ്പറിന്‍റെ റോളുകളിൽ ഒളിപ്പിച്ച നിലയിൽ 300 ജീവനുള്ള ഉറുമ്പുകളെ കൂടി കണ്ടെത്തി. ഷാങിന്‍റെ ഫോണും ലാപ്‌ടോപ്പും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള അനുമതിയും അന്വേഷണ സംഘം തേടി.

ഉറുമ്പ് കടത്ത്

ഉറുമ്പുളെ പിടികൂടുന്നുണ്ടെന്ന് സംശയിക്കുന്ന മറ്റ് കെനിയൻ പട്ടണങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതൽ അറസ്റ്റുകൾ പ്രതീക്ഷിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ മേയിൽ, ആയിരക്കണക്കിന് ജീവനുള്ള റാണി ഉറുമ്പുകളെ രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമിച്ചതിന് രണ്ട് ബെൽജിയക്കാരെയും ഒരു വിയറ്റ്നാമീസ് പൗരനും ഒരു കെനിയൻ പൗരനെയും കെനിയൻ കോടതി ഒരു വർഷം തടവോ 5,800 പൗണ്ടോ (ഏാണ്ട് ആറ് ലക്ഷം രൂപയോളം) പിഴയോ വിധിച്ചിരുന്നു. ഇതായിരുന്നു കെനിയയിൽ ഉറുമ്പ് കടത്തുമായി ബന്ധപ്പെട്ട ആദ്യ കേസ്. അന്നത്തെ സംഖത്തിലെ മുഖ്യ കണ്ണിയായിരുന്നു ഷാങെന്നും ഇയാൾ അന്ന് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടതാണെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button