യുഎസ് എണ്ണക്കപ്പലിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ഇറാഖിൽ അമേരിക്കൻ എണ്ണക്കപ്പലിന് നേരെ ഇറാൻ നടത്തിയ അണ്ടർ വാട്ടർ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. തീ പിടിച്ച കപ്പലിൽ നിന്നും 38 പേരെ രക്ഷപെടുത്തി. അമേരിക്കൻ കമ്പനിയായ സേഫ്‌സീ ട്രാൻസ്പോർട്ടിന്റെ സേഫ്സീ വിഷ്ണുവെന്ന കപ്പലിലാണ് ഇന്ത്യക്കാരൻ ഉണ്ടായിരുന്നത്. ഇതിനൊപ്പം ഗ്രീസിന്റെ ഉടമസ്‌ഥതയിലുള്ള മാൾട്ട കൊടി വച്ച സെഫിറോസ് എന്ന കപ്പലിനും ഇറാൻ തീയിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സ്ഫോടക വസ്‌തുക്കൾ നിറച്ചെത്തിയ ഇറാന്റെ ചാവേർ ബോട്ട് കപ്പലുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് സിഎൻഎൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഹോർമുസിൽ കിടന്ന മൂന്ന് വിദേശ കപ്പലുകളെങ്കിലും അജ്‌ഞാത ആയുധം ഉപയോഗിച്ച് ഇറാൻ തീയ്ക്കിരയാക്കിയെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. യുഎഇയിൽ നിന്നെത്തിയ കപ്പലും ഒമാൻ്റെ വടക്കൻ തീരത്തുണ്ടായിരുന്ന കപ്പലും വടക്കുപടിഞ്ഞാറൻ ദുബായ് തീരത്തായുണ്ടായ കപ്പലുമാണ് ആക്രമിക്കപ്പെട്ടതെന്ന് യുകെ മാരിടൈം ട്രേഡ് ഓപറേഷൻസ് വ്യക്‌തമാക്കുന്നു.
ഹോർമുസിലൂടെ കയ്യൂക്ക് കാണിച്ച് കടക്കാൻ നോക്കിയാൽ കത്തിച്ച് ചാമ്പലാക്കിക്കളയുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ഇറാൻ അനുവദിക്കുന്ന കപ്പലുകൾ മാത്രമാണ് ഹോർമുസിലൂടെ സഞ്ചരിക്കുന്നത്. പുലർച്ചെ രണ്ട് ഇന്ത്യൻ കപ്പലുകളെ കടത്തിവിട്ടിരുന്നു.
അതിനിടെ യുഎസ് സൈന്യം ഇറാന്റെ 16 മൈൻ നിറച്ച കപ്പലുകൾ തകർത്തുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പന്ത്രണ്ടാം ദിവസവും യുദ്ധം അവസാനിക്കുന്ന സൂചനയില്ലെന്നാണ് ഇറാന്റെ കനത്ത ആക്രമണത്തിൽ നിന്നും വ്യക്‌തമാകുന്നത്.
55 കിലോമീറ്റർ വീതിയുള്ള ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുന്നതോടെ ലോകം മുഴുവൻ പ്രതിസന്ധിയിലാകും. പ്രതിദിനം 13 മില്യൺ ബാരൽ ഇന്ധനമാണ് ഹോർമുസ് വഴി കടന്നുപോയിക്കൊണ്ടിരുന്നത്. ഇറാൻ കടുത്ത നിലപാടെടുത്താൽ ലോകരാജ്യങ്ങൾ ഇന്ധനത്തിന് ബുദ്ധിമുട്ടും. ഇത് ക്രമേണെ അവശ്യസാധനങ്ങളുടെ വില വർധിക്കാൻ ഇടയാക്കും. സംസ്ഥാനത്തുൾപ്പടെ രാജ്യത്ത് പലഭാഗങ്ങളിലും ഇതിനകം എൽപിജി ലഭ്യതക്കുറവ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ഹോട്ടലുകളടക്കം കനത്ത പ്രതിസന്ധിയിലാണ്.
സൈനികാഭ്യാസത്തിന് മണിക്കൂറുകൾ മാത്രം ഇറാൻ ഹോർമുസ് ഫെബ്രുവരിയിൽ അടച്ചതോടെ ആറു ശതമാനമായിരുന്നു ഇന്ധനവിലയിൽ വർധനയുണ്ടായത്. നിലവില സ്ഥിതി തുടർന്നാൽ ക്രൂഡ് ഓയിൽ ബാരലിന് 200 ഡോളർ കടക്കുമന്നാണ് വിലയിരുത്തൽ.




