ഒരാൾക്ക് മാത്രം അസ്വസ്ഥത, ബാക്കി എല്ലാവരും ആരോഗ്യവാന്മാർ; എലിവിഷം ചേർത്ത ബീഫ് കഴിച്ച സംഭവത്തിൽ ദുരൂഹത
കോഴിക്കോട്: എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിലായ സംഭവത്തിൽ അടിമുടി ദുരൂഹത. ഒരാൾക്ക് മാത്രം ശാരീരിക അസ്വസ്ഥത ഉണ്ടായതും മറ്റ് അഞ്ചുപേർക്കും യാതൊരു കുഴപ്പവും ഇല്ലാത്തതുമാണ് സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നത്. യുവാവ് കഴിച്ച ഭക്ഷണാവശിഷ്ടം പൊലീസ് ഫോറൻസിക് പരിശോധനക്ക് അയച്ചു.
ബീഫ് കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നിധീഷ് എന്ന യുവാവാണ് ചികിത്സ തേടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ നിധീഷിന്റെ സുഹൃത്ത് മഹേഷിനെതിരെ പൊലീസ് കേസെടുത്തു.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്ന്. മറ്റ് നാല് പേർക്കൊപ്പം നിധീഷും മഹേഷും മദ്യപിച്ചിരുന്നു.
മദ്യപിക്കുന്ന സമയത്ത് മഹേഷ് കൊണ്ടുവന്ന ബീഫ് നിധീഷ് കഴിച്ചിരുന്നു. ബീഫില്‍ എലിവിഷം ചേര്‍ത്തതായി മഹേഷ് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി നിധീഷ് കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യാവസ്ഥ മോശമായത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.