കോട്ടയത്തെ ദമ്പതികളുടെ മരണം; അനുഷയെ മാത്യു കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്, മൃതദേഹത്തിൽ പാടുകൾ

കോട്ടയം: ചെങ്ങന്നൂരിൽ ദമ്പതികളെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അനുഷ(29)യെയും ഭർത്താവ് സാജൻ മാത്യു(34)വിനെയും കഴിഞ്ഞ ദിവസമാണ് പൊൻകുന്നത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അനുഷയെ സാജൻ കൊലപ്പെടുത്തുകയും ശേഷം ഇയാൾ സ്വയം കഴുത്തിൽ മുറിവേൽപിച്ച് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കിടപ്പുമുറിയിൽ കഴുത്തിനും ശരീരത്തിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ.
ഏഴ് ദിവസം മുമ്പാണ് പുതിയ വാടകവീട്ടിൽ ഇവർ താമസമാക്കിയത്. ഞായറാഴ്ച വൈകീട്ട് ഇവിടെനിന്നും വഴക്കിടുന്ന ശബ്ദം വീടിന്റെ താഴെ താമസിക്കുന്നവർ കേട്ടിരുന്നു. എന്നാൽ വീട്ടുടമ ഫോണിൽ വിളിച്ചെങ്കിലും ഇവരുടെ പ്രതികരണമുണ്ടായില്ല. പിറ്റേന്ന് രാവിലെയാണ് ദമ്പതികളെ മരിച്ച നിലയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്. അതേസമയം ഇരുവരുടെയും മകൾ രണ്ടര വയസുകാരി ഇതേ സമയം വീട്ടിലുണ്ടായിരുന്നു. പൊലീസ് അടക്കമുള്ളവരെത്തി വീടിന്റെ വാതിൽ തുറന്ന സമയം കുഞ്ഞ് ഉറക്കം ഉണർന്ന് കട്ടിലിൽ ഇരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.
മണ്ണുമാന്ത്രി യന്ത്രത്തിന്റെ ഓപ്പറേറ്ററായിരുന്നു സാജൻ മാത്യുവിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അനുഷയുടെ രണ്ടാം വിവാഹമാണിത്. മുൻ വിവാഹത്തിൽ ഒരു മകളുണ്ട്. ഈ കുട്ടി അനുഷയുടെ രക്ഷിതാക്കൾക്കൊപ്പമാണ് താമസം.




