നിയമസഭാ തെരഞ്ഞെടുപ്പ് :’മുസ്ലിം ലീഗ് ടേം വ്യവസ്ഥ നോക്കുന്നില്ല, ജയസാധ്യത മാത്രമാണ് മാനദണ്ഡം’; പി.അബ്ദുൽ ഹമീദ് എംഎൽഎ

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ നോക്കുന്നില്ലന്നും ജയസാധ്യതയാണ് മാനദണ്ഡമാക്കിയിരിക്കുന്നതെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് എംഎൽഎ. മലപ്പുറത്ത് വനിത സ്ഥാനാർഥി ഉണ്ടാകുമോ എന്നത് ഉറപ്പുപറയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ വശങ്ങളും പരിശോധിച്ച് ജയസാധ്യതയുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കും. അതിൽ വനിതകളും യൂത്ത് ലീഗും എംഎസ്എഫും വരാം. എല്ലാ വിഭാഗത്തെയും തൃപ്‌തിപ്പെടുത്തുന്ന സ്ഥാനാർഥി പട്ടിക അവസാന ഘട്ടത്തിലാണ്. ഇത്തവണ മുസ്‌ലിം ലീഗിന് ജയസാധ്യതയാണ് മുഖ്യം. പൊന്നാനിയും തവനൂരും താനൂരും ഉൾപ്പെടെ യുഡിഎഫ് വിജയിക്കും. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും ഐക്യജനാധിപത്യമുന്നണി വിജയിക്കുമെന്നതിൽ സംശയം വേണ്ട. ഇത്തവണ കെ.ടി ജലീൽ തവനൂരിൽ രക്ഷപ്പെടില്ല. പരാജയം മുന്നിൽ കണ്ടാണ് ആദ്യം മത്സരിക്കുന്നില്ലെന്ന് പറഞ്ഞത്. എന്നാൽ സിപിഎമ്മിന്റെ വേറെ സ്ഥാനാർഥികൾ മത്സരിക്കാൻ തയ്യാറാകാത്തത് കൊണ്ടാണ് ജലീലിനെ വീണ്ടും മത്സരിപ്പിക്കുന്നത്.’ പി.അബ്ദുൽ ഹമീദ് പറഞ്ഞു.




