ഭാര്യയുടെ ചികിത്സയ്ക്കായി കേരള ബാങ്കിൽ നിന്ന് ലോൺ എടുത്തു; ഇടുക്കി സ്വദേശി ജപ്തി ഭീഷണിയിൽ

ഇടുക്കി: കേരള ബാങ്കിൽ നിന്ന് എടുത്ത ലോൺ തിരിച്ചടയ്ക്കാനാകാത്തതോടെ ഇടുക്കി സ്വദേശി ജപ്തി ഭീഷണിയിൽ. ഭാര്യയ്ക്ക് ഗുരുതര രോഗം ബാധിച്ചതോടെയാണ് ബിജു കേരളാ ബാങ്കിൻ്റെ കരിങ്കുന്നം ശാഖയിൽ നിന്ന് ആറ് ലക്ഷം രൂപ ലോണെടുത്തത്. ചികിത്സക്കായി ലക്ഷങ്ങൾ ചെലവഴിച്ച ബിജുവിന് സാമ്പത്തിക ബാധ്യത താങ്ങാവുന്നതിലും അപ്പുറമാണ്. 14 ലക്ഷം രൂപയാണ് ബിജു ഇനി തിരിച്ചടയ്ക്കേണ്ടത്. തിരിച്ചടച്ച തുകയുടെ സ്റ്റേറ്റ്മെന്റ് ആവശ്യപ്പെട്ടിട്ടും ബാങ്ക് ലഭ്യമാക്കുന്നില്ലെന്ന പരാതിയും ബിജു ഉന്നയിക്കുന്നു.
കഴിഞ്ഞ ദിവസമാണ് വീട് ഇന്ന് ജപ്തി ചെയ്യുമെന്ന നോട്ടീസ് കോടതി മുഖാന്തരം ബിജുവിന് ലഭിച്ചത്. പല തവണയായി ഭൂരിഭാഗം പണവും തിരിച്ചടച്ചെന്ന് ബിജു പറയുന്നു . ഭാര്യയ്ക്ക് ഹോർമോൺ സംബന്ധമായ അസുഖം പിടിപെട്ടതോടെ വൃക്കയിലും, തലച്ചോറിലും, ഓവറിയിലും ഉൾപ്പെടെ നിരവധി ശസ്ത്രക്രിയകൾ ചെയ്യേണ്ടിവന്നു . ഇതോടെ ലോൺ അടവ് മുടങ്ങി.
ചെന്നൈയിലെ സ്വകാര്യ മെഡിക്കൽ കോളേജിലാണ് ബിജുവിൻ്റെ ഭാര്യയുടെ ചികിത്സ. സ്ഥിരമായി ആശുപത്രിയിൽ പോകേണ്ടിവരുന്നതിനാൽ ചെന്നൈയിൽ തന്നെ ഒരു ഹോട്ടലിൽ ജോലി ചെയ്താണ് വരുമാനമാർഗം കണ്ടെത്തുന്നത്. നാട്ടുകാരുടെയും സുമനസ്സുകളുടേയും സഹായം കൊണ്ടാണ് ആശുപത്രി ചെലവിനായി പലപ്പോഴും പണം കണ്ടെത്തുന്നത്.
അപകടത്തിൽ പെട്ട് ബിജുവിൻ്റെ ഒരു കണ്ണിൻ്റെ കാഴ്ചപോയതും പിന്നീട് സോറിയാസിസ് രോഗം പിടിപെട്ടതും സ്ഥിരം ജോലിക്ക് തടസമായി. വീട് ഒഴിയേണ്ടിവന്നാൽ വാടകയ്ക്ക് വീട് എടുക്കാൻ പോലും ഇന്നത്തെ അവസ്ഥയിൽ കഴിയില്ലെന്ന് ബിജു പറയുന്നു. 2002 മുതൽ ലോൺ തിരിച്ചടച്ച തുകയുടെ കണക്കുവിവരങ്ങൾ ആവശ്യപ്പെട്ടിട്ട് ബാങ്ക് നൽകാൻ തയ്യാറായില്ലെന്നും ബിജു ആരോപിക്കുന്നു .
സർഫാസി ആക്ട് പ്രകാരം 10 സെൻ്റ് ഭൂമിയും വീടും ഇന്ന് ജപ്തി ചെയ്യുമെന്നാണ് ഉത്തരവ്. ജപ്തി നടപടിയിലൂടെ ആരെയും ഇറക്കിവിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൻ്റെ പ്രതീക്ഷയിലാണ് ബിജുവും കുടുംബം.




