പരിസ്ഥിതിലോല പ്രദേശങ്ങളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ടു മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായ സാഹചര്യമുള്ള കേരളത്തിന് ഇതു സംബന്ധിച്ചു പ്രത്യേക ഇളവുകൾ അനുവദിക്കണമെന്നു സംസ്ഥാനത്തെത്തിയ കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബേയോടു സംസ്ഥാന വനം മേധാവി ബെന്നിച്ചൻ തോമസ് അഭ്യർഥിച്ചു.
സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച പരിഷ്കരിച്ച പരിസ്ഥിതിലോല പ്രദേശങ്ങൾ സംബന്ധിച്ച ശിപാർശ ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കിക്കൊണ്ടുള്ളതാണെന്ന് വനം മേധാവി ബെന്നിച്ചൻ തോമസ് കേന്ദ്രമന്ത്രിയോടു വിശദീകരിച്ചു. വിദഗ്ധ സമിതി യോഗങ്ങൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുള്ള പരിഷ്കരിച്ച പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച ശിപാർശ അംഗീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്രം നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
തൈക്കാട് ഗസ്റ്റ് ഹൗസിൽ ചേർന്ന വനംവകുപ്പിന്റെ പ്രവർത്തന അവലോകന യോഗത്തിൽ സംസ്ഥാന വനംവകുപ്പിനു ലഭ്യമാകാനുള്ള കേന്ദ്രഫണ്ട് സമയബന്ധിതമായി അനുവദിക്കുന്നതിനു നടപടികൾ സ്വീകരിക്കണമെന്നും അഭ്യർഥിച്ചു. മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാന വനം വകുപ്പ് കേന്ദ്രത്തിന് 620 കോടി രൂപയുടെ പദ്ധതി രേഖ സമർപ്പിച്ചിട്ടുണ്ട്.