സിപിഐഎം അനുനയത്തിന് വഴങ്ങാതെ ജി സുധാകരൻ; മുഖ്യമന്ത്രി ഇന്ന് കാണുമോ?

ആലപ്പുഴ: പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി സുധാരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടര്‍ന്ന് സിപിഐഎം. എന്നാല്‍ പാര്‍ട്ടി അംഗത്വം പുതുക്കാനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജി സുധാകരന്‍. ഇന്ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ജി സുധാകരനെ നേരില്‍ കാണുമോ എന്നതിലാണ് ആകാംക്ഷ. പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങില്‍ സുധാകരനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചടങ്ങിലേക്ക് എത്തില്ല. പോസ്റ്ററില്‍ ജി സുധാകരന്റെ ഫോട്ടോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാവിലെ ഒന്‍പതരയോടെ പുന്നപ്രയിലെ കാര്‍മല്‍ പോളിടെക്നിക് കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന മുഖ്യമന്ത്രി ആദ്യം എസി റോഡ് ഉദ്ഘാടനത്തിനായി റോഡ് മാര്‍ഗം മങ്കൊമ്പില്‍ എത്തും. പത്ത് മണിക്കാണ് നവീകരിച്ച റോഡിന്റെ ഉദ്ഘാടനം. ശേഷം 11.30 യ്ക്കാണ് പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനം. ഇതിനിടെ മുഖ്യമന്ത്രി ജി സുധാകരനെ കാണുമോ എന്നതാണ് അറിയേണ്ടത്.
തല്‍ക്കാലം പാര്‍ട്ടി അംഗത്വം പുതുക്കേണ്ടതില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്‍. എന്നാല്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിക്കില്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു. അംഗത്വം പുതുക്കാന്‍ മാര്‍ച്ച് 31 വരെ സമയം ഉണ്ടെന്നിരിക്കെ അനുഭാവിയായി തുടരാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടത്തിയ കൂടക്കാഴ്ച്ചയിലാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയോടും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി ഹരിശങ്കറിനോടും നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ജി സുധാകരനുമായി സംസാരിക്കാന്‍ പാര്‍ട്ടി നേതൃത്വം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചത്. പാര്‍ട്ടിക്കും മുന്നണിക്കും സഹായകരമായ സമീപനം തന്നെയാണ് ഉണ്ടാവുകയെന്നായിരുന്നു സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചത്. ജി സുധാകരന്‍ പാര്‍ട്ടിയില്‍ തങ്ങളുടെയൊക്കെ നേതാവാണ്. സംസ്ഥാന സെക്രട്ടറി അദ്ദേഹവുമായി സംസാരിച്ചു. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നും എംഎ ബേബി പറഞ്ഞു.




