Uncategorized

മലമുകളിലെ സ്വപ്ന പദ്ധതിക്ക് തുടക്കം; തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി

വയനാട്: കോഴിക്കോടിനെയും വയനാടിനേയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത നിർമാണത്തിൻ്റെ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്ത് മുഖ്യമന്ത്രി. താമരശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതാണ് ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത. ആനക്കാംപൊയിൽ മറിപ്പുഴയിൽ വച്ച് നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി സ്വിച്ച് ഓൺ നിർവഹിച്ചത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചടങ്ങിൽ അധ്യക്ഷനായി.

സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാൽ നിയന്ത്രിത രീതിയിലാണ് ചടങ്ങ് സംഘടിപ്പിച്ചിച്ചത്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെ കുറച്ച് ആളുകൾക്ക് മാത്രമാണ് സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് പാറ തുരക്കുന്നത്. റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണ് തുരങ്കനിർമാണം നടക്കുന്നത്.
സാൻഡ് വിക് കമ്പനിയുടെ സർഫസ് ടോപ്പ് ഹാമർ ഡ്രിൽ റിഗ്ഗർ എന്ന ഭീമൻ യന്ത്രമാണ് ഋഷികേശിൽനിന്ന് റോഡുമാർഗം വയനാട്ടിലെത്തിച്ചത്. തുരങ്കപാത നിർമിക്കുമ്പോൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറപൊട്ടിക്കുന്നതിന് കൃത്യമായ ദ്വാരങ്ങളുണ്ടാക്കുകയാണ് യന്ത്രങ്ങളുടെ ദൗത്യം.

2025 ആഗസ്റ്റ് 31നായിരുന്നു മുഖ്യമന്ത്രി തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതി യാഥാർഥ്യമാകുന്നത്തോടെ ആനക്കാംപൊയിലിൽ നിന്നും കേവലം 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്താനാകും. കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി സമീപ പാത ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് പദ്ധതി. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡുമായാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ-മുത്തപ്പൻപുഴ-ആനക്കാംപൊയിൽ റോഡുമായാണ് കോഴിക്കോട് ജില്ലയിൽ ബന്ധിപ്പിക്കുന്നത്.
തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയിൽനിന്ന് പത്തുകിലോമീറ്റർ മാത്രമാണ് ദൂരം. കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്. തുരങ്കപാതയുടെ നിർമാണക്കരാർ ഭോപ്പാൽ ആസ്ഥാനമായിപ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ കമ്പനിക്കും മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്ക് കുറുകെ നിർമിക്കുന്ന നാലുവരി ആർച്ച് സ്റ്റീൽ പാലത്തിന്റെ കരാർ പുനിയ കൺസ്ട്രക്‌ഷൻ കമ്പനിക്കുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button